24 November Tuesday

സർ, ഇത്രയും വിനയം മതിയോ ; കാവിക്കൂടാരത്തിൽ സിബിഐ

എം പ്രശാന്ത‌്Updated: Monday Oct 12, 2020

കന്നഡ വാർത്താചാനലായ പവർ ടിവി ആഗസ്‌തിൽ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയുടെ ചില അഴിമതിക്കഥകൾ പുറത്തുവിട്ടു. ബംഗളൂരുവിലെ പ്രമുഖ കെട്ടിടനിർമാണ കമ്പനി ഡയറക്ടറോട്‌ വിജയേന്ദ്ര കോഴ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ–- വീഡിയോ ക്ലിപ്പുകളും വാട്സാപ് ചാറ്റുമാണ്‌ പുറത്തുവന്നത്‌. കർണാടകത്തിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടായി. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നു. സുപ്രീംകോടതി ജഡ്‌ജിയോ  ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസിന്റെ മേൽനോട്ടത്തിലോ പ്രത്യേകാന്വേഷണ സംഘമോ അഴിമതി അന്വേഷിക്കണമെന്ന്‌  പ്രതിപക്ഷനേതാവ്‌ സിദ്ദരാമയ്യ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്നവർക്കാണ്‌ അത്‌ തെളിയിക്കാൻ ബാധ്യതയെന്നായിരുന്നു യെദ്യൂരപ്പയുടെ മറുപടി.യെദ്യൂരപ്പയുടെ അഴിമതി; കണ്ണടച്ച്‌ സിബിഐ
മുഖ്യമന്ത്രിയായിരിക്കെ 2007–-11 ൽ യെദ്യൂരപ്പയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണമുണ്ടായി. ബംഗളൂരുവിൽ സർക്കാർവക ഒരേക്കര്‍ മക്കളുടെ പേരിൽ 20 ലക്ഷം രൂപയ്‌ക്ക്‌ തീറെഴുതി. ഇത്‌ പിന്നീട്‌ 20 കോടി രൂപയ്‌ക്ക്‌ ജിണ്ടാൽ ഗ്രൂപ്പിന്റെ ഉപസ്ഥാപനം വാങ്ങി.  പൊതുമേഖലയിലുള്ള മൈസൂർ മിനറൽസിന്‌ നൽകേണ്ട ഇരുമ്പയിര്‌ വിഹിതം 60 ശതമാനത്തിൽനിന്ന്‌ 50 ശതമാനമായി കുറച്ചതിന്റെ പ്രതിഫലമായിരുന്നു ഇടപാട്‌. ഇതോടൊപ്പം യെദ്യൂരപ്പയുടെ മക്കളും മരുമകനും ഉൾപ്പെടുന്ന എൻജിഒയിലേക്ക്‌ 20 കോടിയെത്തി. യെദ്യൂരപ്പ ട്രസ്‌റ്റിയായ ഒരു സംഘടനയ്‌ക്കും പണം കിട്ടി. സിബിഐ കേസ്‌ അന്വേഷിച്ചെങ്കിലും 2014ൽ മോഡി അധികാരത്തിലെത്തിയതോടെ കഥ മാറി. 2016ൽ ഹൈക്കോടതിയിൽ സിബിഐ കേസ്‌ തോറ്റു. അപ്പീൽ നൽകാൻപോലും സിബിഐ തയ്യാറായില്ല. യെദ്യൂരപ്പ നേരിട്ട മറ്റ്‌ അഴിമതി കേസുകളുടെ സ്ഥിതി സമാനം.

മുകുൾ റോയ്‌ മുതൽ ശിവ്‌രാജ്‌ സിങ്‌ ചൗഹാൻവരെ
സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പരിലാളനം ഏറ്റുവാങ്ങിയ മറ്റ് നിരവധിപേരുണ്ട് കാവിക്കൂടാരത്തില്‍.
ബംഗാളിലെ ബിജെപി നേതാവ്‌ മുകുൾ റോയ്‌ ഇതിൽ പ്രധാനി‌. തൃണമൂലിലായിരിക്കെ ശാരദാ ചിട്ടിത്തട്ടിപ്പില്‍ സിബിഐ പലവട്ടം റോയിയെ ചോദ്യംചെയ്‌തു. ബിജെപിയിലേക്ക്‌ കൂറുമാറിയതോടെ റോയിക്ക്‌ സിബിഐ ഭീഷണി ഒഴിവായി. പിന്നാലെ ബിജെപി ദേശീയ ഉപാധ്യക്ഷനായി സ്ഥാനക്കയറ്റം.

കർണാടകത്തിലെ റെഡ്ഡി സഹോദരങ്ങള്‍ക്ക് എതിരെ 16500 കോടിയുടെ ഖനന അഴിമതിയാണ്‌ ഉയർന്നത്‌. 2018ലെ കർണാടക തെരഞ്ഞെടുപ്പിന്‌ മുമ്പായി സിബിഐ കേസ്‌ അവസാനിപ്പിച്ചു. അസമിലെ ഹിമന്ത ബിസ്വ സർമയും കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക്‌ കൂറുമാറിയതോടെ സിബിഐ കേസിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു. ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട്‌ കോടികളുടെ അഴിമതി ആക്ഷേപമാണ്‌ സർമയ്‌ക്കെതിരെ ഉയർന്നത്. രാജ്യത്തെയാകെ ഞെട്ടിച്ച മധ്യപ്രദേശിലെ വ്യാപം അഴിമതിയിലും സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല. മെഡിക്കൽ–- എൻജിനിയറിങ് പ്രവേശനപരീക്ഷകളിലും സർക്കാർ തസ്‌തികകളിലേക്കുള്ള പരീക്ഷകളിലും വ്യാപക തട്ടിപ്പ്‌ നടത്തുന്ന മാഫിയാ സംഘമാണ്‌ വ്യാപം വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്‌.

മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാനടക്കം കേസിൽ ഉൾപ്പെട്ടു. കേസുമായി ബന്ധപ്പെട്ട നിരവധി പേർ ദുരൂഹമായി മരിച്ചു. 2014ൽ മോഡി അധികാരത്തിൽ വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടു. 2017ൽ ചൗഹാനെ സിബിഐ കേസിൽനിന്ന്‌ ഒഴിവാക്കി. കേന്ദ്ര മാനവശേഷി മന്ത്രി രമേശ്‌ പൊഖ്രിയാൽ, മുൻമഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണെ തുടങ്ങിയവരും കാവി ക്യാമ്പിലായതിനാൽ സിബിഐ കേസുകളിൽനിന്ന്‌ ഒഴിവാക്കപ്പെട്ടവര്‍.

സംസ്ഥാനങ്ങൾ പറയുന്നു സിബിഐ വേണ്ട
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി 2018ൽ എന്‍ഡിഎ വിട്ടു. പിന്നാലെ ടിഡിപി നേതാക്കൾക്കെതിരായി സിബിഐ അടക്കമുള്ള കേന്ദ്രഏജൻസികളെത്തി. മുഖ്യമന്ത്രിയായ നായിഡു ആ വർഷം നവംബറിൽ ഒരു തീരുമാനമെടുത്തു. ആന്ധ്രയിൽ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക്‌ നൽകിയ ‘പൊതുസമ്മതം’ സർക്കാർ പിൻവലിച്ചു. തൊട്ടുപിന്നാലെ ബംഗാളും സിബിഐക്കുള്ള അനുമതി ഒഴിവാക്കി. രാജസ്ഥാൻ, ഛത്തിസ്‌ഗഢ്‌ തുടങ്ങിയ കോൺഗ്രസ്‌ ഭരണസംസ്ഥാനങ്ങളും സിബിഐയെ പുറത്തുനിര്‍ത്തി. കേസ്‌ അന്വേഷിക്കുന്നതിന്‌ ഈ സംസ്ഥാനങ്ങളിൽ സിബിഐ സംസ്ഥാന സർക്കാരിന്റെ പ്രത്യോകാനുമതി തേടണം. അതല്ലെങ്കിൽ സുപ്രീംകോടതിയോ ഹൈക്കോടതിയോ ഉത്തരവിടണം.

946ലെ ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ സ്ഥാപന (ഡിഎസ്‌പിഇ) നിയമപ്രകാരമാണ്‌ സിബിഐ പ്രവർത്തിക്കുന്നത്‌. മറ്റ് സംസ്ഥാനങ്ങളില്‍ അന്വേഷണത്തിന് അതത് സര്‍ക്കാരിന്റെ അനുമതി വേണം. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാലാണ്‌ പ്രത്യേക സമ്മതം സിബിഐക്ക്‌ ആവശ്യമായി വന്നത്‌. മറ്റ്‌ കേന്ദ്രസേനകൾക്കും സംസ്ഥാനങ്ങളിൽ അറസ്‌റ്റ്‌ അടക്കമുള്ള നടപടികൾക്ക്‌ അവകാശമില്ല. സിബിഐയുടെ പ്രവർത്തനം പക്ഷപാതപരമായതോടെയാണ് കോൺഗ്രസ്‌ സംസ്ഥാനങ്ങളടക്കം പൊതുസമ്മതം പിൻവലിച്ചത്‌.

ചാനല്‍ സംപ്രേഷണം തടഞ്ഞു
അവിശ്വാസപ്രമേയം സെപ്തംബറില്‍ തള്ളിയതോടെ  പവർ ടിവി ഓഫീസുകളും എംഡി രാകേഷ്‌ ഷെട്ടിയുടെ വീടും പൊലീസ്‌ റെയ്‌ഡു ചെയ്‌തു. കംപ്യൂട്ടർ സംവിധാനങ്ങളടക്കം കൊണ്ടുപോയി. പവർ ടിവി സംപ്രേഷണം നിലച്ചു. യു ട്യൂബ്‌, ഫെയ്സ്‌ബുക്ക്‌ ചാനലുകളും തടസ്സപ്പെടുത്തി. 250ഓളം ജീവനക്കാർ ഒറ്റയടിക്ക്‌ തൊഴിൽരഹിതരായി. തെളിവ് സഹിതം അഴിമതി പുറത്തുവന്നിട്ടും അന്വേഷണത്തിന്‌ സിബിഐയോ മറ്റ് കേന്ദ്രഏജൻസികളോ എത്തിയില്ല. കർണാടകത്തിൽ മാത്രമല്ല, മറ്റ് ബിജെപി ഭരണസംസ്ഥാനങ്ങളിലും കാര്യങ്ങള്‍ സമാനം.

തന്നിഷ്ടപ്രകാരം അന്വേഷിക്കേണ്ട
ഭൂപേഷ്‌ ഭാഗെൽ (ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രി)-
"മോഡി ഭരണത്തിൽ സിബിഐയുടെ വിശ്വാസ്യത നഷ്ടമായിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ സിബിഐക്ക്‌ സ്വന്തം ഇഷ്ടപ്രകാരം ഛത്തിസ്‌ഗഢിൽ പ്രവർത്തനാനുമതി നൽകുന്നത്‌ ശരിയായ കാര്യമല്ല. രണ്ടാമതായി സംസ്ഥാനത്ത്‌ ഒരു സംവിധാനം നിലവിലുണ്ട്‌. സിബിഐക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം നൽകിയാൽ അത്‌ ക്രമസമാധാനത്തിനും സംസ്ഥാന ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിനും തടസ്സമാകും.'


അരുൺ ജെയ്‌റ്റ്‌ലി പറഞ്ഞത്
‘അന്വേഷണാത്മക സാഹസികത’യിലേക്കാണ്‌ സിബിഐ എടുത്തുചാടുന്നത്‌. സാഹസികത പലപ്പോഴും വാർത്താചോർച്ചയിലേക്ക്‌ നയിക്കും. പലരുടെയും യശസ്സ്‌ ഇല്ലാതാക്കും. അധിക്ഷേപങ്ങളിലേക്ക്‌ നീങ്ങുകയും വിധിതീർപ്പുകളിലേക്ക്‌ എത്താതിരിക്കുകയും ചെയ്യും. പീഡനം, യശസ്സ്‌ ഇടിക്കൽ, സാമ്പത്തികനഷ്ടം തുടങ്ങിയ കാരണങ്ങളാൽ ലക്ഷ്യംവയ്‌ക്കപ്പെടുന്നവർ തകർക്കപ്പെടും. ഔദ്യോഗിക ജീവിതം ഇല്ലാതാകും. പ്രൊഫഷണൽ അന്വേഷണം ശരിയായ പ്രതികളെയാണ്‌ ലക്ഷ്യംവയ്‌ക്കേണ്ടത്‌. അതാകട്ടെ സ്വീകാര്യമായതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാകണം.


 (അവസാനിച്ചു)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top