22 September Sunday

രാഹുലിന്റെ നീക്കം മുതിർന്നവർ വെട്ടി ; താൽപ്പര്യമില്ലാതെ സോണിയ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

ന്യൂഡൽഹി
കോൺഗ്രസിൽ അടിമുടി അഴിച്ചുപണിക്കുള്ള രാഹുൽഗാന്ധിയുടെ നീക്കം മുതിർന്ന നേതാക്കൾ വെട്ടി. കോൺഗ്രസിലേത്‌ കുടുംബവാഴ്‌ചയാണെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക്‌ തടയിടാനും സ്വതന്ത്രമായ ഇടപെടലിനും വഴിയൊരുക്കാമെന്നുമുള്ള രാഹുലിന്റെ പ്രതീക്ഷകളാണ്‌ അട്ടിമറിച്ചത്‌.  പാർടിയെ നവീകരിക്കാൻ അടിമുടി അഴിച്ചുപണി ആഗ്രഹിച്ച രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കൾചേർന്ന്‌ അപ്രസക്തനാക്കി.

സോണിയ ഗാന്ധിയെ തിരിച്ചുവിളിച്ച്‌ അധ്യക്ഷപദവി നൽകിയെങ്കിലും കോൺഗ്രസിലെ പ്രതിസന്ധിക്ക്‌ പരിഹാരമാകില്ല. മുതിർന്ന നേതാക്കൾക്കുപോലും പരസ്‌പരവിശ്വാസം നഷ്ടപ്പെട്ടെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പ്രവർത്തകസമിതി യോഗം. കുടുംബാധിപത്യത്തിന്റെ പഴികേൾക്കുന്ന കോൺഗ്രസിന്‌ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന്‌ ഒരു നേതാവിനെ കണ്ടെത്താനായില്ല. തലമുറമാറ്റമടക്കം ലക്ഷ്യമിട്ട രാഹുൽ ഗാന്ധിയുടെ നീക്കങ്ങളാണ്‌ പ്രവർത്തകസമിതി അവസാനിപ്പിച്ചത്‌. യുവാക്കൾ നേതൃത്വത്തിലേക്ക്‌ വരുന്നത്‌ തടയാനും സോണിയയെത്തന്നെ അവരോധിച്ച്‌ പാർടിയെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനും മുതിർന്ന നേതാക്കൾക്ക്‌ കഴിഞ്ഞു. ഫലത്തിൽ മാറ്റമില്ലാതെ തുടരുന്ന കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്‌ ശക്തമാകും.

സംഘടനാതെരഞ്ഞെടുപ്പ്‌ എന്ന്‌ നടത്തുമെന്ന്‌ പ്രവർത്തകസമിതി വ്യക്തമാക്കിയിട്ടില്ല. ഡൽഹി, മഹാരാഷ്ട്ര, ജാർഖണ്ഡ്‌, ഹരിയാന സംസ്ഥാനങ്ങളിൽ നിയമസഭാതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നു. വിഭജിച്ച്‌ കേന്ദ്രഭരണപ്രദേശമാക്കിയ ജമ്മു കശ്‌മീരിലും ഉടൻ തെരഞ്ഞെടുപ്പുണ്ടാകും. ഇതിനുശേഷമാകും സ്ഥിരം അധ്യക്ഷനെ കണ്ടെത്തുക.

താൽപ്പര്യമില്ലാതെ സോണിയ
ആരോഗ്യനില മോശമായി ദൈനംദിന സംഘാടനത്തിൽനിന്ന്‌ വിട്ടുനിൽക്കുന്ന സോണിയ താൻ അധ്യക്ഷയാകാനില്ല എന്നാണ്‌ പ്രവർത്തകസമിതിയിൽ അറിയിച്ചത്‌.
അധ്യക്ഷനാകാൻ ആഗ്രഹിക്കുന്ന നിരവധിപേരുണ്ടെന്നും അവരിൽ ചിലർ യോഗത്തിലുണ്ടെന്നും സോണിയ പറഞ്ഞു. പരിഗണനാ പട്ടികയിലുൾപ്പെട്ട മുകുൾ വാസ്‌നിക്കും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെ നേതാക്കൾ തങ്ങൾ ‘മത്സരത്തിനില്ല’ എന്നറിയിച്ചു. രാഹുലിനുപകരം പ്രിയങ്ക എന്ന ആവശ്യവും ഉയർന്നു. രാഹുൽ അല്ലെങ്കിൽ മറ്റൊരു നെഹ്‌റു കുടുംബാംഗം അധ്യക്ഷപദവി ഏറ്റെടുത്തില്ലെങ്കിൽ പാർടി പലതായി വിഘടിക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top