12 August Wednesday

ബാങ്കുകളുടെ ഭരണസംവിധാനം പരിഷ്‌കരിക്കും: ശക്തികാന്ത ദാസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


ന്യൂഡൽഹി
ബാങ്കുകളുടെ ഉടമസ്ഥതയെ മാനേജ്‌മെന്റിൽനിന്ന്‌ വേർതിരിക്കുന്നതിന്‌ പ്രോത്സാഹനം നൽകുമെന്ന്‌ റിസർവ്‌ ബാങ്ക്‌ ഗവർണർ ശക്തികാന്ത ദാസ്. നിക്ഷേപം തിരികെ ലഭിക്കുന്നതിൽ ഉടമകൾ ശ്രദ്ധിക്കണം. ബാങ്കുമായി ബന്ധമുള്ള എല്ലാവരുടെയും താൽപ്പര്യം സംരക്ഷിക്കാൻ മാനേജ്‌മെന്റ്‌ തയ്യാറാകണം. താൽപ്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൈകാര്യം ചെയ്യുമ്പോൾത്തന്നെ ഓരോ ബാങ്കിന്റെയും മൂല്യവും സംസ്‌കാരവും സംരക്ഷിക്കാൻ ഭരണസമിതികൾ‌ ശ്രമിക്കണം. ഇതിനായി ‘ഇന്ത്യയിലെ വാണിജ്യബാങ്കുകളുടെ ഭരണം’ എന്ന ചർച്ചാരേഖ റിസർവ്‌ ബാങ്ക്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്‌ബിഐയുടെ ബാങ്കിങ്‌–- സാമ്പത്തിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം‌.

കോവിഡ്‌ ആഘാതം വ്യക്തമല്ല
അടച്ചുപൂട്ടലില്‍ ഇളവ്‌ വരുത്തിയതോടെ സമ്പദ്‌ഘടന സാധാരണ നിലയിലാകുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങി. അതേസമയം,  വിതരണം പൂർണതോതിലും വാങ്ങൽശേഷി പതിവ്‌ സ്ഥിതിയിലും എപ്പോൾ എത്തുമെന്നതിൽ അനിശ്ചിതത്വമുണ്ട്. വളർച്ചയിൽ മഹാമാരി എത്രമാത്രം ആഘാതമുണ്ടാക്കുമെന്ന് വ്യക്തമല്ല. ധന
പ്രതിസന്ധി ജീവിതകാലത്ത്‌ ഒരിക്കൽമാത്രമെന്ന ധാരണ 2008–-2009ലെ ആഗോള പ്രതിസന്ധിയും കോവിഡും തകർത്തു. ദശകത്തിൽ ഒരിക്കൽ എന്നവിധം പ്രതിസന്ധികള്‍ ആവർത്തിക്കുന്നു. അപകടസാധ്യതയറിഞ്ഞ്‌ ബാങ്കുകൾ പ്രവർത്തിക്കണം.

സമ്പദ്‌ഘടനയിലുള്ള വിശ്വാസം വീണ്ടെടുക്കുക, സാമ്പത്തിക സുസ്ഥിരതയും വളർച്ചയും കൈവരിക്കുക എന്നതാണ്‌ കാലം ആവശ്യപ്പെടുന്ന വെല്ലുവിളി. ‌ ഇത്‌ സാധ്യമാക്കാൻ കോവിഡാനന്തരകാലത്ത് ശ്രദ്ധാപൂർവം നീങ്ങണം. 100 വർഷത്തെ ചരിത്രത്തിൽ യുദ്ധേതര കാലഘട്ടത്തിലെ ഏറ്റവും കടുത്ത ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയാണ്‌ ഉണ്ടായത്‌. രാജ്യത്തെ സാമ്പത്തിക, ധന സംവിധാനങ്ങളുടെ ശേഷിക്കുനേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്‌. അടച്ചുപൂട്ടലിന്റെ ഫലമായി കിട്ടാക്കടം പെരുകി ബാങ്കുകളുടെ മൂലധന അടിത്തറ ശോഷിച്ചേക്കാം. പൊതു–-സ്വകാര്യ ബാങ്കുകൾക്ക് പുനർമൂലധനവൽക്കരണ പദ്ധതി അനിവാര്യമാണ്‌– ശക്തികാന്ത ദാസ് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top