07 July Thursday
വ്യവസ്ഥകൾ പാലിക്കാതെയുള്ള ഒഴിപ്പിക്കൽ അരുത്‌

വിലക്കയറ്റത്തിനെതിരെ സംഘടിതപ്രക്ഷോഭം : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ന്യൂഡൽഹി
വിലക്കയറ്റത്തിനെതിരെ മറ്റ്  ഇടതു പാർടികളുമായി ചേർന്ന്   രാജ്യവ്യാപകമായി സംഘടിത ഐക്യപ്രക്ഷോഭത്തിന്‌  നേതൃത്വം നൽകുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഒരു വർഷത്തിനിടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനം വർധിച്ചു. പച്ചക്കറികൾക്ക്‌ 20ഉം പാചകഎണ്ണയ്‌ക്ക്‌ 23ഉം ധാന്യങ്ങൾക്ക്‌ എട്ടും ശതമാനവും വിലകൂടി. ഗോതമ്പുവില കിലോയ്ക്ക്‌ 35 രൂപയായി. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധന സർവമേഖലയിലും പണപ്പെരുപ്പം വഷളാക്കി–- യെച്ചൂരി പറഞ്ഞു. രണ്ടു ദിവസമായി ഡൽഹിയിൽ ചേർന്ന സിപിഐ എം പൊളിറ്റ്‌ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്‌ കോടിക്കണക്കിനുപേർ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്‌. തൊഴിലില്ലായ്‌മയും രൂക്ഷമായി. പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ ചുമത്തിയ സെസും അധിക തീരുവകളും കേന്ദ്രം ഉടൻ പിൻവലിക്കണം. പൊതുവിതരണശൃംഖല വഴി ഗോതമ്പുവിതരണം പുനഃസ്ഥാപിക്കണം.

രാജ്യത്തിന്റെ വിവിധ ഭാഗത്തുണ്ടാകുന്ന വർഗീയസംഘർഷങ്ങളിൽ യോഗം കടുത്ത ആശങ്കയും അമർഷവും പ്രകടിപ്പിച്ചു. രാമനവമി, ഹനുമാൻ ജയന്തി എന്നിവയുടെ പേരിലുള്ള ഘോഷയാത്രകൾ വർഗീയ പ്രകോപനത്തിനും സായുധ ആക്രമണങ്ങൾ നടത്താനുമുള്ള അവസരമാക്കുന്നു. മുസ്ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുന്നവർക്കെതിരെ നടപടിയില്ല. വിദ്വേഷപ്രസംഗങ്ങളോടും വർഗീയപ്രകോപനങ്ങളോടും പ്രധാനമന്ത്രി മൗനംപാലിക്കുന്നതും ഇക്കൂട്ടർക്കുള്ള ഔദ്യോഗിക പിന്തുണയ്‌ക്ക്‌ തെളിവാണ്‌.

വർഗീയധ്രുവീകരണം ശക്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണ്‌ ജഹാംഗിർപുരിയിലും മറ്റും നടക്കുന്ന വിവേചനപരമായ ഒഴിപ്പിക്കലുകൾ.  നിയമപരമായ വ്യവസ്ഥകൾ പാലിച്ച്‌ ജീവിതമാർഗം ഒരുക്കിനൽകാതെ ഇവരെ ഇറക്കിവിടരുത്‌.  രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ജമ്മു–-കശ്‌മീർ മണ്ഡല പുനർനിർണയം അപലപനീയമാണ്‌. ബിജെപി സർക്കാരുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച ഗുജറാത്ത്‌ എംഎൽഎ ജിഗ്‌നേഷ്‌ മേവാനിയെ അറസ്റ്റുചെയ്യുകയും ജാമ്യം കിട്ടിയശേഷം വീണ്ടും കുടുക്കുകയും ചെയ്‌തത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ 4.8 ലക്ഷം പേരാണ്‌ മരിച്ചതെന്ന്‌ കേന്ദ്രം പറയുമ്പോൾ യഥാർഥ മരണം ഇതിന്റെ പത്തിരട്ടിയാണെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ നിഗമനം.
കോവിഡിന്‌ ഇരയായ എല്ലാവരുടെയും കുടുംബങ്ങൾക്ക്‌ സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള നഷ്ടപരിഹാരം നൽകണം–- യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top