ഇന്ത്യ കൂട്ടായ്‌മ നേതൃത്വത്തിൽനിന്ന് കോണ്ഗ്രസ് മാറണമെന്ന് ആവശ്യം
ന്യൂഡൽഹി
ബിജെപിയെ ചെറുക്കുന്നതിൽ ദേശീയതലത്തിൽ പരാജയമായി മാറിയ കോൺഗ്രസ് പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയെ നയിക്കുന്നതിനെ ചോദ്യംചെയ്‌ത് കൂടുതൽ പാർടികൾ രംഗത്ത്. കൂട്ടായ്‌മയെ നയിക്കാൻ തയാറാണെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എൻസിപി, ആർജെഡി, എസ്‌പി, ശിവസേന തുടങ്ങിയ കക്ഷികൾ കോൺഗ്രസ് നേതൃത്വത്തെ ചോദ്യംചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മത്സരിച്ച ഇന്ത്യ കൂട്ടായ്‌മ 238 സീറ്റ് ജയിച്ച് ബിജെപിക്കൊപ്പമെത്തി. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിൽ ബിജെപിയോട് മത്സരിച്ച ഹരിയാനയും മഹാരാഷ്ട്രയും തോറ്റു. അതേസമയം നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ മത്സരിച്ച ജമ്മു കശ്‌മീരിലും ജെഎംഎം നയിച്ച ജാർഖണ്ഡിലും ഇന്ത്യ കൂട്ടായ്‌മ ഭരണം പിടിച്ചു. ഇതോടെയാണ് ബിജെപിയെ നേരിടാൻ കോൺഗ്രസ് പോരെന്ന ചിന്ത ഇന്ത്യാ കൂട്ടായ്‌മയിലെ മറ്റ് പാർടികളിൽ പ്രകടമായത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ലോക്‌സഭയിൽ തന്നിഷ്ടത്തോടെ നടത്തുന്ന പ്രവർത്തനവും ഇന്ത്യാ കൂട്ടായ്‌മയിലെ മറ്റ് പാർടികളെ അതൃപ്‌തരാക്കി. ബിജെപിയെ പ്രതിരോധിക്കാൻ മമതയ്‌ക്ക് സാധിക്കുമെന്ന് ശരദ് പവാറും ലാലുപ്രസാദും പ്രതികരിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നും ലാലു പറഞ്ഞു.
0 comments