ബാങ്കുകളിൽ കിട്ടാക്കടം 4.50 ലക്ഷം കോടി രൂപ
ന്യൂഡൽഹി
രാജ്യത്തെ ബാങ്കുകളിൽ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് ധനമന്ത്രാലയം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് മന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതിത്തള്ളിയ വായ്‌പകളുടെയും വിശദാംശം വെളിപ്പെടുത്തിയത്.
സെപ്‌തംബർ 30ലെ കണക്കുപ്രകാരം കിട്ടാക്കടം പൊതുമേഖല ബാങ്കുകളിൽ 3,16,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 1,34,339 കോടി രൂപയുമാണ്. മൊത്തം വായ്‌പയുടെ 1.86 ശതമാനമാണ് സ്വകാര്യബാങ്കുകളുടെ കിട്ടാക്കടമെങ്കിൽ പൊതുമേഖല ബാങ്കുകളിൽ ഇത് 3.09 ശതമാനം.
അമ്പത് കോടിയിലേറെ രൂപ വായ്‌പയെടുത്ത് ബോധപൂർവം തിരിച്ചടയ്‌ക്കാത്ത 580 സ്ഥാപനത്തിന്റെ പട്ടിക റിസർവ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. ഇവയേതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.
2018–--19 മുതൽ 11.45 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഇതിൽ 3.5 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായത്. ഏറ്റവും കൂടുതൽ വായ്‌പ എഴുതിത്തള്ളിയത് എസ്‌ബിഐയാണ്. 2015-–-16ൽ 15,955 കോടിയാണ് എഴുതിത്തള്ളിയതെങ്കിൽ 2018-–-19ൽ ഇത് 58,905 കോടിയായി ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 2014–--15ൽ എഴുതിത്തള്ളിയത് 5,996 കോടി രൂപ, 2023-–-24ൽ 18,317 കോടി.
0 comments