Deshabhimani

പാർലമെന്റ്‌ സ്തംഭിപ്പിച്ച്‌ ബിജെപി ; ഭരണകക്ഷി നടപടികൾ അലങ്കോലപ്പെടുത്തുന്ന 
അസാധാരണ കാഴ്‌ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 03:45 AM | 0 min read


ന്യൂഡൽഹി
മുഖ്യഭരണകക്ഷിയായ ബിജെപി ചൊവ്വാഴ്‌ചയും പാർലമെന്റിന്റെ ഇരുസ ഭകളും സ്‌തംഭിപ്പിച്ചു. അദാനി കോഴ, മണിപ്പുർ, സമ്പദ്‌വ്യവസ്ഥയിലെ ഇടിവ്‌, വിലക്കയറ്റം, തൊഴിലില്ലായ്‌മ, ബംഗ്ലാദേശ്‌ സംഭവവികാസങ്ങൾ, കർഷകപ്രക്ഷോഭം, സംഭൽ കലാപം തുടങ്ങി പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ ഭരണപക്ഷം തന്നെ നടപടികൾ സ്‌തംഭിപ്പിക്കുന്ന അസാധാരണസാഹചര്യമാണുള്ളത്‌.

ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖറും സഭ സ്‌തംഭിപ്പിക്കുന്നതിൽ ഒരു മറയുമില്ലാതെ ഭരണപക്ഷത്തെ സഹായിക്കുകയുമാണ്‌.
ലോക്‌സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുംവിധം സ്‌പീക്കർ ഓം ബിർള സംസാരിച്ചു. പ്രതിപക്ഷത്തിന്റെ സമീപനമാണ്‌ സഭ തടസ്സപ്പെടാൻ കാരണമെന്നായിരുന്നു സ്‌പീക്കറുടെ കണ്ടെത്തൽ. പിന്നാലെ ബിജെപി എംപിമാർ യുഎസ്‌ വ്യവസായി ജോർജ്‌ സോറോസ്‌ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്ന ആരോപണവുമായി മുദ്രാവാക്യം വിളിച്ചുതുടങ്ങി. 12 മണി വരെ സഭ നിർത്തി.

വീണ്ടും ചേർന്നപ്പോൾ മെർച്ചന്റ്‌ ഷിപ്പിങ്‌ ബിൽ അവതരണത്തിനായി തുറമുഖ–- ഷിപ്പിങ്‌ മന്ത്രി സർബാനന്ദ സൊനോവാളിനെ അധ്യക്ഷ കസേരയിലുണ്ടായിരുന്ന ദിലീപ്‌ സൈക്കിയ ക്ഷണിച്ചു. ബിൽ അവതരണത്തെ എതിർത്ത്‌ പ്രതിപക്ഷത്തുനിന്ന്‌ മനീഷ്‌ തിവാരിയും സൗഗത റോയിയും സംസാരിച്ചു. ഇതിനുശേഷം ബില്ലവതരിപ്പിക്കാൻ സൊനോവാളിനെ വീണ്ടും ക്ഷണിച്ചു. സൊനോവാൾ സംസാരിക്കെ തന്നെ പ്രതിപക്ഷത്തിനെതിരായി പ്രകോപനപരമായി സംസാരിച്ചുകൊണ്ട്‌ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. വൈകാതെ ബുധനാഴ്‌ച ചേരാൻ സഭ പിരിഞ്ഞു.

രാജ്യസഭയിലും നടപടി തുടങ്ങിയപ്പോൾതന്നെ ബിജെപി സോറോസ്‌ വിഷയം ഉയർത്തി ബഹളം തുടങ്ങി. 12 വരെ സഭ നിർത്തി. വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷത്തെ ഗൗനിക്കാതെ സഭാ നേതാവ്‌ ജെ പി നദ്ദയെ സഭാധ്യക്ഷൻ സംസാരിക്കാനായി ക്ഷണിച്ചു. സോറോസും കോൺഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ്‌ ലക്ഷ്യമിടുന്നതെന്നും നദ്ദ പറഞ്ഞു. അദാനി കോഴ ഉന്നയിക്കുന്നതിന്‌ പിന്നിൽ പോലും സോറോസ്‌ ആണെന്ന്‌ നദ്ദ പരോക്ഷമായി പറഞ്ഞു. പിന്നാലെ ബിജെപി എംപിമാർ ബഹളം തുടങ്ങി. ഇതോടെ ബുധനാഴ്‌ച ചേരാൻ സഭ പിരിഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home