17 January Friday

കർണാടകത്തിൽ അങ്കണവാടികളെ സംരക്ഷിക്കാൻ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019


ബെംഗളുരു
കർണാടകയിൽ അങ്കണവാടികളെ സംരക്ഷിക്കാനാവാശ്യപ്പെട്ട്‌ ജീവനക്കാരുടെ ഉജ്വല മാർച്ച്‌. സർക്കാർ നയങ്ങൾക്കെതിരെ  സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന അങ്കണവാടി ജീവനക്കാരുടെ സമരം പൊലീസ്‌ തടഞ്ഞു. തിങ്കളാഴ്‌ച തുമകൂറിൽനിന്ന്‌ ബംഗളൂരുവിലേക്ക്‌ നടന്ന പദയാത്ര അടിച്ചമർത്താനുള്ള പൊലീസ്‌  ശ്രമം വിജയിച്ചില്ല.  മുപ്പതിനായിരത്തോളം വരുന്ന സമരക്കാർ പൊലീസിന്റെ ഉപരൊധത്തിന്‌ വഴങ്ങിയില്ല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന്‌ പ്രവർത്തകർ വ്യക്തമാക്കി.

സിഐടിയു നേതാക്കളായ എ ആർ സിന്ധു, എസ്‌ വരലക്ഷ്‌മി, മീനാക്ഷി സുന്ദരം, കെ എൻ ഉമേഷ്‌, സയിദ്‌ മുജീബ്‌, പ്രസന്ന തുടങ്ങിയവർ പദയാത്രക്ക്‌ മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിച്ചു. ഞായറാഴ്‌ച തുമകൂറിലും കോലാറിലും പ്രവർത്തകരെ തടയുകയും നാഗരത്‌നയെയും മറ്റ്‌ നേതാക്കളെയും വീട്ടുതടങ്കലിൽ വയ്‌ക്കുകയും ചെയ്‌തിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയും സമരം അടിച്ചമർത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. പദയാത്രയ്‌ക്ക്‌ മുന്നോടിയായി കഴിഞ്ഞയാഴ്‌ച ആറ്‌ ജില്ലാതല ജാഥ നടത്തിയിരുന്നു. 

സർക്കാർ സ്‌കൂളുകളിൽ എൽകെജി, യുകെജി ക്ലാസുകൾ ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ്‌ സമരം. എൽകെജി, യുകെജി വിദ്യാഭ്യാസത്തിനെതിരെയല്ല സമരമെന്നും നിലവിൽ അങ്കണവാടികൾ  പ്രവർത്തിക്കുന്ന സംവിധാനത്തിനുകീഴിൽ ഇത്‌ നടപ്പാക്കണമെന്നും സമരക്കാർ പറഞ്ഞു.  ഇതുസംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ്‌ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top