24 November Tuesday

വൈറസിനെ തടയലാണ്‌ മതം ; അമ്പലവും പള്ളിയും ആൾക്കൂട്ടവും ഒഴിവാക്കണം: കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 11, 2020


ന്യൂഡൽഹി
പ്രാർഥനയ്‌ക്ക്‌ അമ്പലങ്ങളും പള്ളികളും പന്തലുകളും സന്ദർശിക്കണമെന്നും ആഘോഷങ്ങൾ ആഡംബരമാക്കണമെന്നും ഒരു മതവും ദൈവവും പറഞ്ഞിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ. കോവിഡ്‌ വ്യാപനം തടയുന്നതിന്‌ വരുന്ന ഉത്സവസീസണിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെയുള്ള തന്റെ പ്രതിവാര സംവാദ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. സർക്കാർ മാർഗനിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. വരാനിരിക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും സ്‌നേഹിക്കുന്നവർക്കൊപ്പം വീടുകളിൽ ആഘോഷിക്കണം. മേളകളും പന്തലുകളും ഒഴിവാക്കണം. പ്രധാന ധർമം കോവിഡിനെതിരായ പോരാട്ടമാണ്‌.

അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ വേണം. വൈറസ്‌ വ്യാപനം തടയാൻ രണ്ടുമാസത്തേക്ക്‌ രാജ്യവ്യാപക ബോധവൽക്കരണ പരിപാടിയിലും ‘ജൻ ആന്ദോളനി’ലും പങ്കാളിയാകണം. ശ്വാസകോശ വൈറസായതിനാൽ തണുപ്പുകാലത്ത്‌ കോവിഡ്‌ വ്യാപനത്തിന്‌ സാധ്യതയേറെയാണ്‌.  കോവിഡ്‌ ബാധ കണ്ടെത്താൻ കൂടുതൽ കൃത്യതയുള്ള ‘ഫെലൂദ’ ടെസ്‌റ്റ്‌ ഏതാനും ആഴ്‌ചയ്‌ക്കുള്ളിൽ ആരംഭിക്കും. 

സിഎസ്‌ഐആർ–- ഐജിഐബി വികസിപ്പിച്ച ഫെലൂദ പേപ്പർസ്‌ട്രിപ്പ്‌ കിറ്റിന്‌ ഡിജിസിഐ അംഗീകാരം നൽകിയിട്ടുണ്ട്‌. രണ്ടായിരത്തിലേറെ പേരിൽ പരീക്ഷിച്ചപ്പോൾ 96 ശതമാനം സംവേദനക്ഷമതയും 98 ശതമാനം കൃത്യതയുമുണ്ടായി. കോവിഡ്‌ വാക്‌സിൻ തുടക്കത്തിൽ കുറഞ്ഞ അളവിലാണ്‌ വിതരണംചെയ്‌തു തുടങ്ങുക. ഇന്ത്യ പോലൊരു വലിയ രാജ്യത്ത്‌ വാക്‌സിൻ വിതരണത്തിൽ മുൻഗണന നിശ്ചയിക്കേണ്ടതുണ്ട്‌. കോവിഡ്‌ പിടിപെടുന്നതിനുള്ള സാധ്യത, മറ്റ്‌ അസുഖങ്ങൾ തുടങ്ങിയവ പരിഗണിച്ചാകും ഇത്‌ നിശ്ചയിക്കുകയെന്നും- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top