02 December Wednesday

286 ഇന്ത്യക്കാരെ ആനുകൂല്യങ്ങള്‍ നല്‍കാതെ സൗദി കമ്പനി മടക്കി അയച്ചു; കേന്ദ്രത്തിന് നിവേദനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 11, 2020

ന്യൂഡല്‍ഹി > കോവിഡ് അടച്ചുപൂട്ടലിനിടെ സൗദി അറേബ്യയിലെ കമ്പനി മലയാളികളടക്കം 286 ഇന്ത്യന്‍ തൊഴിലാളികളെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ മടക്കി അയച്ചതില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് നിവേദനം. അല്‍-ഖോബാര്‍ കേന്ദ്രമായുള്ള നാസ്സര്‍ എസ് അല്‍-ഹജ്രി കോര്‍പറേഷനില്‍ ജോലിചെയ്തവര്‍ക്കു വേണ്ടിയാണ് അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ (എല്‍ബിബി) ഇന്ത്യ ചാപ്റ്റര്‍ നിവേദനം നല്‍കിയത്. സൗദി അറേബ്യയിലെ തൊഴില്‍ നിയമമനുസരിച്ചു ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹരാണിവര്‍. ഈ ആനുകൂല്യം ലഭ്യമാകുന്നതിന് നിയമനടപടികളടക്കം സഹായം നല്‍കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എല്‍ബിബി ഇന്ത്യ ചാപ്റ്റര്‍ കണ്‍വീനര്‍ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്‍ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡ് സാഹചര്യത്തില്‍, വേതന മോഷണമുള്‍പ്പടെയുള്ള സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ എല്‍ബിബി ജൂലൈയില്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ഉന്നയിക്കപ്പെട്ടാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങളുള്‍പ്പെടെ പരിഹരിക്കാന്‍ സംവിധാനമുണ്ടെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇതിനനുസൃതമായ ഇടപെടല്‍ വിദേശകാര്യമന്ത്രാലത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

188 മലയാളികളും ബീഹാര്‍(39) തമിഴ്നാട്(38),യുപി(17),ഒഡീഷ(4) എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസി തൊഴിലാളികളുമാണ് വഞ്ചിക്കപ്പെട്ടത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും നിവേദനം നല്‍കി. റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍വഴി വിസയ്ക്കു പണം നല്‍കി നേടിയ ജോലി നഷ്ടപ്പെട്ടവരില്‍ 27 വര്‍ഷംവരെ അവിടെ ജോലിചെയ്തവരുമുണ്ട്. ഇവരെല്ലാം തന്നെ 50 വയസോ അതിലധികമോ പ്രായമുള്ളവരുമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top