23 November Saturday

കശ്‌മീരിൽ 3 നേതാക്കളെ വിട്ടയച്ചു; മോചനം കരാർ ഒപ്പിട്ടശേഷം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

ന്യൂഡൽഹി > ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിനെത്തുടർന്ന്‌ തടവിലാക്കിയ മൂന്ന്‌ രാഷ്ട്രീയനേതാക്കളെക്കൂടി മോചിപ്പിച്ചു. പിഡിപി മുൻ എംഎൽഎ യാവർ മിർ, കോൺഗ്രസ്‌ മുൻ നേതാവ്‌ ഷോയിബ്‌ ലോൺ, നാഷണൽ കോൺഫറൻസ്‌ നേതാവ്‌ നൂർ മുഹമ്മദ്‌ എന്നിവരാണ്‌ വ്യാഴാഴ്‌ച മോചിതരായത്‌.
പദവി റദ്ദാക്കൽ ഉത്തരവിട്ട  ആഗസ്‌ത്‌ അഞ്ചുമുതൽ ഇവർ തടവിലായിരുന്നു. സമാധാനം തകർക്കുന്ന പ്രവൃത്തികൾ ചെയ്യില്ലെന്ന കരാർ ഒപ്പിട്ടശേഷമാണ്‌ മോചനം.  മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ്‌ അബ്‌ദുള്ള,  ഒമർ അബ്‌ദുള്ള മെഹബൂബ മുഫ്‌തി, എന്നിവർ തടവിൽ തുടരുകയാണ്‌. 

മോചനത്തിന്‌ കരാർ ഒപ്പിടണമെന്ന നിബന്ധനയെ രൂക്ഷമായി വിമർശിച്ച്‌ മെഹബൂബ മുഫ്‌തിയുടെ മകൾ ഇൽതിജ ജാവേദ്‌ രംഗത്തുവന്നു. കരാർ ഒപ്പിടണമെന്ന ആവശ്യം മെഹബൂബ തള്ളിക്കളഞ്ഞെന്നും ഇൽതിജ പറഞ്ഞു. മെഹബൂബയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്‌ ഇൽതിജയുടെ പ്രതികരണം. രാഷ്ട്രീയനേതാക്കളും സാമൂഹ്യപ്രവർത്തകരുമുൾപ്പെടെ ആയിരത്തിലേറെപേരെ ജമ്മു കശ്‌മീരിൽ തടവിലാക്കിയിരുന്നു. 250ലേറെപ്പേർ സംസ്ഥാനത്തിന്‌ പുറത്തുള്ള ജയിലുകളിലാണ്‌. ജമ്മു കശ്‌മീരിൽ വിനോദസഞ്ചാരികൾക്കുള്ള വിലക്ക്‌ വ്യാഴാഴ്‌ച പിൻവലിച്ചെങ്കിലും സന്ദർശകർ കാര്യമായി എത്തിയില്ല.


പ്രധാന വാർത്തകൾ
 Top