19 September Saturday

യുപിയില്‍ മാധ്യമപ്രവർത്തനം അപകടകരം; വിമർശിച്ചാൽ കേസെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ന്യൂഡൽഹി
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തനം ഏറ്റവും അപകടസാധ്യതയുള്ള തൊഴിലായി മാറി. മാഫിയകൾക്കെതിരെ വാർത്ത നൽകിയാൽ മാധ്യമപ്രവർത്തകരുടെ തല പോകും‌. സംരക്ഷണം നൽകാൻ യോഗി ആദിത്യനാഥ്‌ സർക്കാരോ യുപി പൊലീസോ തയ്യാറല്ല. ഭരണപരാജയം വാർത്തയാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തും.

പാഞ്ഞുവരുന്ന വെടിയുണ്ട
കാംപുമെയിൽ റിപ്പോർട്ടർ‌ ശുഭംമണി ത്രിപാഠി ജൂൺ 19നും ജൻസാഗർ ടുഡേ റിപ്പോർട്ടർ വിക്രംജോഷി ജൂലൈ 22നും കൊല്ലപ്പെട്ടു. ഭൂമാഫിയയെക്കുറിച്ചുള്ള റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ‌ ശുഭംമണിയെ ജൂൺ 19ന്‌ ഉന്നാവിൽ വെടിവച്ചുകൊല്ലുകയായിരുന്നു. വധഭീഷണിയുണ്ടെന്ന്‌ മാസങ്ങൾക്കു‌മുമ്പേ‌ ശുഭംമണി പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

ഗാസിയാബാദിലെ വീട്ടിൽ അതിക്രമിച്ചുകയറിയാണ്‌ വിക്രംജോഷിയെ വെടിവച്ചത്‌. അനന്തരവളെ  ചിലർ ശല്യം ചെയ്തത്‌ പൊലീസിൽ‌ പരാതി നൽകി ദിവസങ്ങൾക്കകമായിരുന്നു അക്രമം.  2016ലും രണ്ട്‌ മാധ്യമപ്രവർത്തകരെ മാഫിയ കൊലപ്പെടുത്തി. ജൻസന്ദേശ്‌ ടൈംസ്‌ റിപ്പോർട്ടർ കരുൺ മിശ്രയും ഹിന്ദുസ്ഥാൻ ടൈംസ്‌ റിപ്പോർട്ടർ രഞ്‌ജൻ രാജ്‌ദേവും‌.

വിമർശിച്ചാൽ കേസെടുക്കുന്നു
വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രകോപിപ്പിച്ചാൽ മാധ്യമപ്രവർത്തകർക്ക്‌ എതിരെ കേസെടുക്കുന്ന കാര്യത്തിൽ ആദിത്യനാഥ്‌ സർക്കാർ ഒന്നാംസ്ഥാനത്തുണ്ട്‌. കോവിഡ്‌ അടച്ചുപൂട്ടൽകാലത്തെ റിപ്പോർട്ടുകളുടെ പേരിൽ‌ 11 മാധ്യമപ്രവർത്തകരെ യുപി സർക്കാർ കേസിൽ കുടുക്കിയെന്ന് ‘റൈറ്റ്‌സ്‌ ആൻഡ്‌ റിസ്‌ക്‌സ്‌ അനാലിസിസ്‌ ഗ്രൂപ്പ്‌’ വെളിപ്പെടുത്തി. ‘ദി വയർ’ പോർട്ടൽ സ്ഥാപക എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ ഉൾപ്പെടെയുള്ളവർക്കാണ് കേസ്.

കഴിഞ്ഞദിവസം ദേവ്‌റിയ ജില്ലാ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട്‌ നിലംതുടപ്പിക്കുന്ന ദൃശ്യം പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അമിതാഭ്‌ റാവത്തിനെതിരെയും കേസെടുത്തു‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top