04 August Tuesday

പൂർണതോതിൽ സേന പിന്മാറും ; നയതന്ത്രതല ചർച്ചയിൽ തീരുമാനം

സാജൻ എവുജിൻUpdated: Saturday Jul 11, 2020

ന്യൂഡൽഹി
യഥാർഥ നിയന്ത്രണരേഖ (എൽഎസി)യിൽ ഉടനീളം സേനാപിന്മാറ്റം പൂർത്തീകരിക്കാൻ ഇന്ത്യ–ചൈന നയതന്ത്രതല ചർച്ചയിൽ തീരുമാനം.  ഉഭയകക്ഷി കരാറുകളുടെയും ഉടമ്പടികളുടെയും അടിസ്ഥാനത്തിൽ സേനാപിന്മാറ്റം പൂർണമാക്കും. അതിർത്തിമേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും അതിർത്തികാര്യ കൂടിയാലോചനകൾക്കും ഏകോപനത്തിനുമുള്ള പ്രവർത്തനസംവിധാനത്തിന്റെ(ഡബ്ല്യുഎംസിസി) 16–-ാം യോഗത്തിൽ ‌തീരുമാനമായി. വിദേശമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി(കിഴക്കനേഷ്യ) നവീൻ ശ്രീവാസ്‌തവയും ചൈനീസ്‌ വിദേശമന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഹു ജിയാങ്‌ഹോയും ചർച്ചയ്‌ക്ക്‌ ‌നേതൃത്വം നൽകി.

കിഴക്കൻ ലഡാക്കിലെ സേനാപിന്മാറ്റത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. കോർ കമാൻഡർമാരുടെ കൂടിക്കാഴ്‌ചയിലെ തീരുമാനങ്ങൾ നടപ്പാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. സേനാപിന്മാറ്റം സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടിക്രമം നിശ്‌ചയിക്കാൻ കോർ കമാൻഡർമാർ വീണ്ടും ചർച്ച നടത്തും. വിദേശമന്ത്രിമാർ തമ്മിലും പ്രത്യേക പ്രതിനിധികൾ തമ്മിലും നടത്തിയ ചർച്ചകളിൽ ഉണ്ടായ തീരുമാനങ്ങൾ പാലിക്കേണ്ടത്‌ പ്രധാനമാണെന്നും‌ യോഗം വ്യക്തമാക്കി.

ഇതിനിടെ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ അമേരിക്കൻ പ്രതിരോധസെക്രട്ടറി മാർക്ക്‌ ടി എസ്‌പറുമായി നടത്തിയ ടെലിഫോൺ ചർച്ചയിൽ ലഡാക്ക്‌ വിഷയം കടന്നുവന്നു. മേഖലയുടെ സുരക്ഷാ സ്ഥിതിയും ചർച്ച ചെയ്‌തുവെന്ന്‌ സർക്കാർ കേന്ദ്രങ്ങൾ പറഞ്ഞു. ഉഭയകക്ഷി പ്രതിരോധ സഹകരണവും വിഷയമായി. പതിവ്‌ ആശയവിനിമയത്തിന്റെ ഭാഗമായാണ്‌ ഇരുനേതാക്കളും തമ്മിൽ സംസാരിച്ചത്‌. ബോയിങ്‌ കമ്പനി ഇന്ത്യക്ക്‌ നൽകേണ്ട അപ്പാച്ചി, ചിനൂക്‌ ഹെലികോപ്‌റ്ററുകളുടെ വിതരണം പൂർത്തിയായി.

ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രി ജിയോങ്‌ കിയോങ്‌ ദൂവുമായും രാജ്‌നാഥ്‌സിങ്‌ സംഭാഷണം നടത്തി. പ്രതിരോധനിർമാണമേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top