24 August Saturday

കർണാടകം തെരുവിലേക്ക‌് ; കോൺഗ്രസ‌് നേതാക്കളെ ബംഗളൂരുവിലും മുംബൈയിലും അറസ്‌റ്റ്‌ ചെയ‌്ത‌ു

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

മുംബൈ കൺവൻഷൻ സെന്റർ ഹോട്ടലിന‌് മുന്നിൽനിന്ന്‌ ശിവകുമാറിനെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുക്കുന്നു

ബംഗളൂരു
ഒരാഴ‌്ചയായി തുടരുന്ന കർണാടകത്തിലെ രാഷ്ട്രീയനാടകങ്ങൾ തെരുവിലേക്ക‌്. വിമത എംഎൽഎമാരെ കാണാൻ മുംബൈയിലെ ഹോട്ടലിലെത്തിയ മന്ത്രി ഡി കെ ശിവകുമാറിനെ പൊലീസ‌് കസ്റ്റഡിയിലെടുത്തു.  ഗവർണറുടെ നിലപാടിനെതിരെ  രാജ‌്ഭവനുമുന്നിൽ പ്രതിഷേധിച്ച എഐസിസി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദിനെയും പിസിസി പ്രസിഡന്റ‌് ദിനേശ‌് ഗുണ്ടുറാവുവിനെയും ബംഗളൂരുവിൽ അറസ്റ്റ‌് ചെയ‌്തു. അതിനിടെ സർക്കാരിനെ മറിച്ചിടാൻ നീക്കം ശക്തമാക്കിയ ബിജെപി, സ‌്പീക്കർ രമേഷ‌് കുമാറിനെതിരെ രംഗത്തെത്തി.  പ്രശ‌്നത്തിൽ ഗവർണറും ഇടപെട്ടു.   എംഎൽഎമാരുടെ രാജി അംഗീകരിക്കണമെന്ന‌് ഗവർണർ വാജുഭായ‌് വാല സ‌്പീക്കറോട‌് ആവശ്യപ്പെട്ടു.  തങ്ങളുടെ രാജി സ്വീകരിക്കാത്ത സ‌്പീക്കറുടെ നിലപാടിനെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി വ്യാഴാഴ‌്ച പരിഗണിക്കും.  അതേസമയം എംഎൽഎമാരുടെ രാജി  നിയമപരമല്ലെന്ന നിലപാടിലാണ‌് സ‌്പീക്കർ കെ ആർ രമേഷ‌് കുമാർ.
സർക്കാരിനെ നിലനിർത്താൻ കിണഞ്ഞുശ്രമിക്കവെ രണ്ട‌് എംഎൽഎമാർകൂടി ബുധനാഴ‌്ച രാജിവച്ചതും ഭരണസഖ്യത്തിന‌്  കൂടുതൽ ഭിഷണിയായി. കോൺഗ്രസ‌് എംഎൽഎമാരായ എം ടി ബി നാഗരാജയും കെ സുധാകറുമാണ‌് ബുധനാഴ‌്ച സ‌്പീക്കർക്ക‌് രാജിക്കത്ത‌് നൽകിയത‌്.

രാജി നൽകി പുറത്തെത്തിയ സുധാകറിനെ പ്രിയങ്ക‌് ഖാർഗെയും കെപിസിസി പ്രസിഡന്റ‌് ദിനേശ‌് ഗുണ്ടുറാവുവും മറ്റു കോൺഗ്രസ‌് നേതാക്കളും  മന്ത്രി കെ ജെ ജോർജിന്റെ മുറിയിൽ പൂട്ടിയിട്ടു. എം ടി ബി നാഗരാജ പിടികൊടുക്കാതെ രക്ഷപ്പെട്ടു. രാഷ്ട്രീയം മടുത്താണ‌് രാജിവച്ചതെന്ന‌ും മന്ത്രിസ്ഥാനം വേണ്ടെന്നും നാഗരാജ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

രാജിവച്ച എംഎൽഎമാരുമായി ചർച്ച നടത്താൻ മുംബൈയിലെത്തിയ കോൺഗ്രസ‌് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിന‌് റിസോർട്ടിൽ പ്രവേശിക്കാനായില്ല. മുംബൈ കൺവൻഷൻ സെന്റർ ഹോട്ടലിന‌് മുന്നിൽ  ശിവകുമാറിനെ മുംബൈ പൊലീസ‌് തടയുകയായിരുന്നു. ശിവകുമാർ കടന്നുവരുന്നത‌് തങ്ങളുടെ ജീവനുഭീഷണിയാണെന്ന‌് കാട്ടി വിമതർ സംരക്ഷണം ആവശ്യപ്പെട്ടതിനെതുടർന്ന‌് പൊലീസ‌് ഇടപെട്ടു. ‌എംഎൽഎമാരെ കാണാതെ പോകില്ലെന്ന‌് പ്രഖ്യാപിച്ച‌് ഹോട്ടലിനുമുന്നിൽ കുത്തിയിരുന്ന ശിവകുമാറിനെ പൊലീസ‌് കസ‌്റ്റഡിയിലെടുക്കുകയായിരുന്നു.  ഏഴുമണിക്കൂറോളമാണ‌് ശിവകുമാർ എംഎൽഎമാരെ കാണാനായി ഹോട്ടലിനുമുന്നിൽ ഇരുന്നത‌്. വിവരമറിഞ്ഞെത്തിയ മുൻ കേന്ദ്രമന്ത്രി മിലിന്ദ‌് ദേവ‌്‌രയെയും മഹാരാഷ്ട്ര മുൻമന്ത്രി നസിംഖാനെയും പൊലീസ‌് കസ്റ്റഡിയിലെടുത്ത‌് സ്ഥലത്തുനിന്ന‌് നീക്കി. പ്രദേശത്ത‌് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.  കോൺഗ്രസ‌് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതിനെ തുടർന്ന‌് ഡി കെ ശിവകുമാറിനെ പൊലീസ‌് ബംഗളൂരുവിലേക്ക‌് തിരിച്ചയച്ചു.  കുമാരസ്വാമി സർക്കാരിനെ പിരിച്ചുവിടണമെന്നാവശയപ്പെട്ട‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് ബി എസ് യെദ്യൂരപ്പ ഗവർണർ വാജുഭായ‌് വാലയ‌്ക്ക‌് കത്ത് നൽകി.  എംഎൽഎയെ വിധാൻ സൗധയുടെ വരാന്തയിൽ മർദിച്ചെന്ന‌് ആരോപിച്ച‌ും മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ടും ബിജെപി വിധാൻ സൗധയ‌്ക്കുമുന്നിൽ ധർണ നടത്തി. 

എന്നാൽ മുഖ്യമന്ത്രി കുമാര സ്വാമി ബുധനാഴ‌്ച രംഗത്തുണ്ടായിരുന്നില്ല. പ്രതിസന്ധി തുടരുകയാണെങ്കിൽ രണ്ട‌് ദിവസത്തിനകം കുമാര സ്വാമി രാജിവെച്ചേക്കുമെന്ന‌് അഭ്യൂഹമുണ്ട‌്. ജെഡിഎസ‌് നേതാക്കളുമായി ഇക്കാര്യം കുമാരസ്വാമി ചർച്ച ചെയ്യുന്നുണ്ട‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top