ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവരാൻ നീക്കം
ന്യൂഡൽഹി
വിവാദമായ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാർ കൊണ്ടുവന്നേക്കുമെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി വിഷയത്തിൽ സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായിട്ടുണ്ട്.
ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നാലും സംയുക്ത പാർലമെന്ററിസമിതിക്ക് (ജെപിസി) വിടാനാണ് സാധ്യത. പാർലമെന്റിലെ നിലവിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജെപിസി റിപ്പോർട്ട് അനുകൂലമാക്കിയാലും വിവാദ ബിൽ നിയമമാക്കുക എളുപ്പമല്ല.
കേന്ദ്രത്തിലെയും എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിന് ഭരണഘടനയിൽ ആറ് ഭേദഗതികളെങ്കിലും കൊണ്ടുവരേണ്ടതുണ്ട്. അതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. നിലവിൽ ലോക്‌സഭയിലും രാജ്യസഭയിലും സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല. ലോക്‌സഭയിൽ 292 അംഗങ്ങളാണ് എൻഡിഎയ്‌ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 364 വോട്ട് വേണം. 245 അംഗ രാജ്യസഭയിൽ എൻഡിഎയ്‌ക്ക് 112 അംഗങ്ങളാണ്. മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന് 164 പേരുടെ പിന്തുണ ആവശ്യമാണ്.
0 comments