19 November Tuesday

കർതാർപുർ ഇടനാഴിയിലൂടെ തീർഥാടനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


കർതാർപുർ
ഇന്ത്യ–-പാകിസ്ഥാൻ ബന്ധത്തിന്‌ സൗഹൃദത്തിന്റെ പുതിയ സാധ്യതകൾ തുറന്ന്‌ കർതാർപുർ ഇടനാഴിയിലൂടെ സിഖ്‌ മതവിശ്വാസികളുടെ തീർഥാടനത്തിന്‌ തുടക്കം. സിഖ്‌ മതസ്ഥാപകൻ ഗുരു നാനാക്‌ അന്ത്യനാളുകളിൽ കഴിഞ്ഞ പാകിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ്‌ ഗുരുദ്വാര സന്ദർശിക്കാൻ ഇന്ത്യയിൽനിന്നടക്കം സിഖ്‌ വിശ്വാസികൾക്ക്‌ സൗകര്യമൊരുക്കുന്നതാണ്‌ ഇടനാഴി. ലോകമെങ്ങുമുള്ള സിഖ്‌ സമൂഹം ചൊവ്വാഴ്‌ച  ഗുരു നാനാക്കിന്റെ 550–-ാം ജന്മവാർഷികം ആഘോഷിക്കുന്നതിന്‌ മുന്നോടിയായാണ്‌ ഇരുരാജ്യങ്ങളിലുമായുള്ള ഇടനാഴി തുറന്നത്‌. പാക്‌ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉദ്‌ഘാടനംചെയ്‌തു.

മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്‌, പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌, മുൻ മുഖ്യമന്ത്രി പ്രകാശ്‌സിങ്‌ ബാദൽ, അകാൽ തക്ത്‌ ജതേദാർ ഹർപ്രീത്‌ സിങ്‌, നവജ്യോത്‌ സിങ്‌ സിദ്ദു, ഹർസിമ്രത്‌കൗർ ബാദൽ, പഞ്ചാബിൽനിന്നുള്ള എംപിമാർ, എംഎൽഎമാർ എന്നിവർ ഇന്ത്യയിൽനിന്നുള്ള ആദ്യസംഘത്തിലുണ്ടായിരുന്നു. 500ൽപരം പേരടങ്ങുന്ന സംഘത്തിന്റെ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു.

ഇമ്രാൻ ഖാൻ നേരത്തേ സിഖ്‌ തീർഥാടകരെ  സന്ദേശത്തിൽ അഭിവാദ്യം ചെയ്‌തിരുന്നു.  കർതാർപുർ ഇടനാഴി മേഖല സമാധാനത്തിന്‌ പാകിസ്ഥാന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മേഖലയുടെ അഭിവൃദ്ധിയിലേക്കുള്ള പാതയും വരുംതലമുറകളുടെ ശോഭനമായ ഭാവിയും കുടികൊള്ളുന്നത്‌ സമാധാനത്തിലാണെന്ന്‌ തങ്ങൾ വിശ്വസിക്കുന്നു. ഇന്ന്‌ സിഖ്‌ സമൂഹത്തിനുവേണ്ടി തുറന്നത്‌ അതിർത്തി മാത്രമല്ലെന്നും തങ്ങളുടെ ഹൃദയം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽനിന്ന്‌ 5000 പേരടക്കം 12000 സിഖുകാർ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളുംതമ്മിലുള്ള ധാരണയനുസരിച്ച്‌ ഇന്ത്യയിൽനിന്ന്‌ പ്രതിദിനം 5000 സിഖ്‌ തീർഥാടകർക്ക്‌ ഇടനാഴി വഴി കർതാർപുരിലെത്താം. പിന്നീട്‌ എണ്ണം വർധിപ്പിക്കാം. ശനിയാഴ്‌ചയും 12നും സന്ദർശകരെ പാസ്‌പോർട്ട്‌, 20 ഡോളർ സർവീസ്‌ ചാർജ്‌ എന്നിവയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top