02 June Tuesday

‘വിക്രം’ ഉണരാൻ സാധ്യത 5 ശതമാനം മാത്രം ; അവസാന ശ്രമത്തിൽ ഐഎസ്‌ആർഒ

ദിലീപ്‌ മലയാലപ്പുഴUpdated: Tuesday Sep 10, 2019


വിക്രം ലാൻഡറിനെ ‘ഉണർത്താ’നുള്ള അവസാന ശ്രമത്തിൽ ഐഎസ്‌ആർഒ.  ചന്ദ്രനിൽ സൂര്യൻ അസ്‌തമിക്കാൻ ഒമ്പതു ദിവസംബാക്കി നിൽക്കേ വീണുടഞ്ഞ വിക്രമുമായി ബന്ധം സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞർ. കേവലം അഞ്ച്‌ ശതമാനത്തിൽ താഴെയാണ്‌ സാധ്യതയെങ്കിലും പ്രതീക്ഷ അവർ കൈവിടുന്നില്ല.

ചാന്ദ്രയാൻ–-2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓർബിറ്റർ ദിവസേന മൂന്നുതവണ ചന്ദ്രന്റെ ദക്ഷിണ ധ്രുവംവഴി കടന്നുപോകുന്നുണ്ട്‌. ഈ സമയങ്ങളിൽ ഓർബിറ്റർ  ‘ഉണർത്തൽ’ സന്ദേശം ലാൻഡറിലേക്ക്‌ അയക്കുന്നുണ്ട്‌. ഇതുകൂടാതെ എല്ലാ ദിവസവും  വൈകുന്നേരംമുതൽ പുലർച്ചെവരെ ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററിൽനിന്ന്‌ തുടർച്ചയായി കൺട്രോൾ കമാൻഡുകളും അയച്ച്‌ പ്രതികരണത്തിനായി   കാത്തിരിക്കുകയാണ്‌. എന്നാൽ, ഇതുവരെയും  പ്രതികരിച്ചിട്ടില്ല.  ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ലാൻഡിങ്ങിനിടെ ശനിയാഴ്‌ച പുലർച്ചെയാണ്‌ വിക്രം ലാൻഡർ നിയന്ത്രണംവിട്ട്‌ ഇടിച്ചിറങ്ങിയത്‌. നിശ്‌ചയിച്ചിരുന്ന സ്ഥലത്തിന്‌ 20–-30 മീറ്റർ അകലെയായി കൂറ്റൻ ഗർത്തങ്ങൾക്കരികെ തലകീഴായി മറിഞ്ഞ നിലയിലാണ്‌ ലാൻഡർ.  ലാൻഡർ തകർന്ന്‌ വേർപെട്ടിട്ടില്ലെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു.

വീഴ്‌ചയിലെ ആഘാതം എത്രത്തോളം ലാൻഡറിന്റെ ആരോഗ്യത്തെ ബാധിച്ചു എന്ന്‌ കണക്കാക്കാനായിട്ടില്ല. അതിലെ ഉപകരണങ്ങൾ, ക്യാമറ, സെൻസറുകൾ എന്നിവയുടെ സ്ഥിതി എന്തെന്നും അറിയില്ല. സിഗ്‌നൽ പുനഃസ്ഥാപിക്കണമെങ്കിൽ    ഹൈഫ്രീക്വൻസി ആന്റീന, റിസീവർ, ട്രാൻസ്‌മിറ്റർ, ഡീകോഡിങ്‌ സർക്യൂട്ടുകൾ തുടങ്ങിവ പ്രവർത്തിക്കണം. ഇവയെ ഉദ്ദീപിപ്പിക്കാൻ ബാറ്ററി പ്രവർത്തന സജ്ജമാകണം. സൗരോർജപാനലുകൾ   സൂര്യന്‌ അഭിമുഖമല്ലാത്തതിനാൽ ബാറ്ററി പ്രവർത്തിക്കാനുള്ള സാധ്യതയും പരിമിതമാണ്‌. എന്നാലും ലാൻഡറുമായി ആശയവിനിമയം നടത്താനുള്ള ശ്രമം തുടരുകയാണ്‌. അതിനിടെ സോഫ്‌റ്റ്‌ ലാൻഡിങ്‌ പാളിയതിനെപ്പറ്റിയുള്ള ആദ്യഘട്ട ഡാറ്റാ പരിശോധനാ റിപ്പോർട്ട്‌ ബംഗളൂരുവിൽ  ഹൈലെവൽ റിവ്യൂ കമ്മിറ്റി  പരിശോധിച്ചു. ചാന്ദ്ര പ്രതലത്തിന്‌ 300 മീ്റ്റർ ഉയരെവരെയുള്ള ഡാറ്റ ലഭിച്ചിട്ടുണ്ട്‌. റഫ്‌ബ്രേക്കിങ്‌ സമയത്തുതന്നെ ലാൻഡറിന്‌ വിറയൽ അനുഭവപ്പെട്ടതാണ്‌  പരാജയത്തിന്‌ കാരണമായതെന്നാണ്‌ നിഗമനം.

ഐഎസ്‌ആർഒ ചെയർമാന്റെ പേരിൽ വ്യാജവാർത്ത
തിരുവനന്തപുരം
ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവന്റെ പ്രൊഫൈലെന്ന പേരിൽ വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ഐഎസ്‌ആർഒ. കെ ശിവന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൊന്നും അക്കൗണ്ടുകളില്ലെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

ചാന്ദ്രയാൻ–-2 വിക്ഷേപണം, ലാൻഡർ സോഫ്‌റ്റ്‌  ലാന്റിങ്‌ എന്നിവ സംബന്ധിച്ച്‌ സാമൂഹ്യ മാധ്യമങ്ങൾവഴി വ്യാപകമായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ ഐഎസ്‌ആർഒ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്‌.


പ്രധാന വാർത്തകൾ
 Top