09 August Sunday

കാണ്‍പുര്‍ കൂട്ടക്കൊല : വികാസ്‌ ദുബെ നാടകീയമായി ‘അറസ്‌റ്റിൽ’

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

ന്യൂഡൽഹി

കാൺപുരിൽ എട്ട്‌ പൊലീസുകാരെ വധിച്ച കൊടുംകുറ്റവാളി വികാസ്‌ദുബെ മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലക്ഷേത്രത്തില്‍  ‘അറസ്റ്റിലായി’. ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരാണ്‌ പിടികൂടി പൊലീസിന്‌ കൈമാറിയത്‌.

രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ക്കുശേഷം നിരവധിതവണ പൊലീസിനെ വെട്ടിച്ചുകടന്ന ഇയാള്‍,  യുപി രജിസ്‌ട്രേഷന്‍  കാറിൽ  700 കിലോമീറ്റർ സഞ്ചരിച്ചാണ്‌ ഉജ്ജയിനിയിലെത്തിയത്‌. പൂജാദ്രവ്യം വാങ്ങി  വിഐപി പാസുമായി ക്ഷേത്രത്തിന്റെ പിൻവാതിലിലൂടെ അകത്തുകയറാന്‍ ശ്രമിക്കെ  സുരക്ഷാജീവനക്കാർ തിരിച്ചറിഞ്ഞ്‌ പിടികൂടി.  പൊലീസെത്തി മുഖംമൂടി ധരിപ്പിച്ച്‌ പുറത്തേക്ക്‌ കൊണ്ടുവരുന്നവഴി ‘ഞാൻ കാൺപുരിലെ വികാസാണ്‌’ എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിന്‌ ശേഷം യുപിയിലേക്ക്‌ കൊണ്ടുപോയി.

മൂന്നുസംസ്ഥാനങ്ങൾ താണ്ടി യാത്ര
ചൊവ്വാഴ്‌ച ഹരിയാനയിലെ ഫരീദാബാദിൽനിന്ന്‌ പൊലീസിന്റെ കണ്ണ്‌ വെട്ടിച്ചുകടന്ന വികാസ് ദുബെ മധ്യപ്രദേശിലെത്തിയത്‌‌ മൂന്ന്‌ സംസ്ഥാനഅതിർത്തി മുറിച്ചുകടന്ന്‌. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ സുരക്ഷ ശക്തമായിരുന്നെങ്കിലും, യുപി നമ്പർപ്ലേറ്റുള്ള വണ്ടിയിൽ സഞ്ചരിച്ച വികാസ്‌ ഒരാളുടെയും കണ്ണിൽപ്പെട്ടില്ല. 

വ്യാഴാഴ്‌ച രാവിലെ ഏഴോടെ മഹാകാല ക്ഷേത്രത്തിൽ എത്തിഅവിടെ കുറെനേരം ചുറ്റിത്തിരിഞ്ഞതായി സാക്ഷികൾ പറയുന്നു. ആരും ശ്രദ്ധിക്കാത്തതിനെ തുടർന്ന്‌ ക്ഷേത്രം സുരക്ഷാജീവനക്കാരുടെ അടുത്തു‌ ചെന്ന്‌ മാസ്‌ക്‌ മാറ്റി എന്തൊക്കെയൊ സംസാരിച്ചു. ഇതിനുശേഷമാണ്‌ ജീവനക്കാർ വികാസിനെ ‘തിരിച്ചറിഞ്ഞ്‌’ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്‌. ബുധനാഴ്‌ച മഹാകാൽ പൊലീസ്‌ സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസറും ഇൻചാർജും ഉൾപ്പെടെ എട്ട്‌ പൊലീസുകാരെ സ്ഥലംമാറ്റിയതും ശ്രദ്ധേയമാണ്‌.

കീഴടങ്ങിയതോ ?
യുപി പൊലീസിലെ ഉന്നതരുമായി അടത്തബന്ധമുള്ള ദുബെ, സമ്മര്‍ദത്തെത്തുടര്‍ന്ന് കീഴടങ്ങുകയായിരുന്നുവെന്ന അഭ്യൂഹം ശക്തമായി. അറസ്‌റ്റ്‌ ചെയ്യുമ്പോൾ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ല. വേഷപ്രച്ഛന്നനാകാൻ ശ്രമിച്ചതുമില്ല. രണ്ട്‌ ബിജെപി എംഎൽഎമാരുമായി ബന്ധമുണ്ടെന്ന് ഇയാള്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. 
വികാസ്‌ ദുബെ കീഴടങ്ങിയതാണോയെന്ന്‌ ആദിത്യനാഥ്‌ സർക്കാർ വെളിപ്പെടുത്തണമെന്ന്‌ കോൺഗ്രസും സമാജ്‌വാദി പാർടിയും ആവശ്യപ്പെട്ടു. വികാസിന്റെ ഫോൺരേഖ പുറത്തുവിടാനുള്ള തന്റേടം സർക്കാരിനുണ്ടോയെന്ന്‌ സമാജ്‌വാദിപാർടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ ചോദിച്ചു.  യുപി പൊലീസിന്‌ ക്രിമിനലുകളുമായുള്ള ഉറ്റചങ്ങാത്തം  വെളിപ്പെട്ടതായി കോൺഗ്രസ്‌ ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വികാസ്‌ ദുബെയും സംഘവും വെള്ളിയാഴ്‌ചയാണ് കാൺപുരിലെ ബിക്രുവിൽ പൊലീസുകാരെ വധിച്ചത്

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top