24 November Tuesday

സിബിഐ മുൻ ഡയറക്ടറുടെ മരണം : അസ്വാഭാവികതയില്ലെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020


ന്യൂഡൽഹി
സിബിഐ മുൻ ഡയറക്ടർ അശ്വനികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതിൽ ദുരൂഹതയില്ലെന്ന്‌ ഹിമാചൽ ഡിജിപി സഞ്‌ജയ്‌ കുണ്ഡു. അസുഖങ്ങൾ കാരണം സ്വന്തം ഇഷ്ടപ്രകാരം ജീവിതം അവസാനിപ്പിക്കുന്നതായി അദ്ദേഹം ആത്മഹത്യാകുറിപ്പിൽ പറഞ്ഞുവെന്ന്‌ പൊലീസ് അറിയിച്ചു. സംശയകരമായ എന്തെങ്കിലുമുണ്ടായതായി കുടുംബാംഗങ്ങളും പറഞ്ഞിട്ടില്ല. 

2008–-2010 കാലയളവിൽ സിബിഐ ഡയറക്ടറായിരുന്ന അശ്വനികുമാർ ബുധനാഴ്‌ച ഷിംലയിലെ വീട്ടിലാണ്‌ തൂങ്ങിമരിച്ചത്‌. വൈകിട്ട്‌ നടക്കാൻ പോയി മടങ്ങിയെത്തിയ അശ്വനികുമാർ മുറിയിൽ കയറി കതക്‌ കുറ്റിയിടുകയായിരുന്നു. മുറിയിൽനിന്ന്‌ കണ്ടെടുത്തതായി പറയുന്ന ആത്മഹത്യാകുറിപ്പിൽ അസുഖങ്ങളുമായി ജീവിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്ന്‌ എഴുതിയിരുന്നു. എന്നാല്‍, അശ്വനികുമാറിന്‌ കാര്യമായ അസുഖങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹം പരീക്ഷണങ്ങൾക്കായി ആശുപത്രിക്ക്‌ വിട്ടുകൊടുക്കണമെന്നും ചടങ്ങുകളോ ആചാരങ്ങളോ പാടില്ലെന്നും കുറിപ്പിലുണ്ട്‌.  മൃതദേഹം വ്യാഴാഴ്‌ച സഞ്‌ജൗളിയിൽ സംസ്‌കരിച്ചു. മകൻ അഭിഷേക്‌ ചിതയ്‌ക്ക്‌ തീകൊളുത്തി.
സൊറാബുദ്ദീൻ ഷെയ്‌ക്ക്‌ വ്യാജഏറ്റുമുട്ടൽ കേസിൽ 2010 ജൂലൈയിൽ അമിത്‌ ഷായെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌ അശ്വനികുമാർ ഡയറക്ടറായിരിക്കെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top