24 November Tuesday
അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു: ചീഫ്‌ ജസ്‌റ്റിസ്‌

വര്‍​ഗീയവാര്‍ത്തകള്‍ക്ക് ന്യായീകരണം ; കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020


ന്യൂഡൽഹി
കോവിഡ്‌ വ്യാപനത്തിനു പിന്നിൽ പ്രത്യേക മതവിഭാഗമാണെന്നമട്ടില്‍ വാർത്ത ചമച്ച മാധ്യമങ്ങളെ  ന്യായീകരിച്ച കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. കോവിഡിനെ വർഗീയവൽക്കരിക്കുന്ന മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കേന്ദ്രം അവകാശപ്പെട്ടതാണ്‌ സുപ്രീംകോടതിയെ ചൊടിപ്പിച്ചത്‌.

‘തെറ്റായ രീതിയിൽ മാധ്യമങ്ങൾ നൽകിയ ഒറ്റ വാർത്തയെക്കുറിച്ചുപോലും സത്യവാങ്‌മൂലത്തിൽ പരാമർശമില്ല.  ലജ്ജയില്ലാതെ വസ്‌തുതകൾ മറച്ചുവയ്‌ക്കുന്നത്‌ ശരിയല്ല.  ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുന്ന സമീപനമാണ്‌ ഇത്‌. കോടതിയോടുള്ള നിങ്ങളുടെ സമീപനം തെറ്റാണ്‌. അത്‌ മാറ്റണം’–- ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌തയോട്‌ പറഞ്ഞു.

ഡൽഹി തബ്‌ലീഗ്‌ സമ്മേളനം രാജ്യത്ത് കോവിഡ്‌ വ്യാപനത്തിന് കാരണമായെന്ന ചില മാധ്യമവാർത്തകൾക്ക്‌ എതിരായ ഹർജികളാണ് പരി​ഗണിച്ചത്.

അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു: ചീഫ്‌ ജസ്‌റ്റിസ്‌
സമീപകാലത്ത്‌ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന സ്വാതന്ത്ര്യമുണ്ടെങ്കിൽ അത്‌ അഭിപ്രായസ്വാതന്ത്ര്യമാണെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌. ‌ ആരോപണത്തോട്‌ സർക്കാരിന് യോജിക്കുകയോ വിയോജിക്കുയോ ചെയ്യാം. എന്നാൽ, തെറ്റായ രീതിയിൽ മാധ്യമങ്ങൾ നൽകിയ ഒറ്റ വാർത്തപോലും ശ്രദ്ധയിൽപ്പെട്ടില്ലെന്ന വാദം അവിശ്വസനീയം‌. യുക്തിരഹിത വിശദീകരണവുമായി സത്യവാങ്‌മൂലം സമർപ്പിച്ചത് എന്തുകൊണ്ടാണെന്ന് ഉദ്യോ​ഗസ്ഥന്‍‌ വിശദീകരിക്കണം.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിതല ഉദ്യോഗസ്ഥൻതന്നെ അടുത്ത സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.  രണ്ടാഴ്‌ചയ്‌ക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top