09 August Sunday
ഒഴിവാക്കപ്പെട്ടതിലേറെയും സംഘപരിവാറിന്റെ കണ്ണിലെ കരടായ പാഠഭാ​ഗങ്ങള്‍

"ഫെഡറലിസം, പൗരത്വം, മതേതരത്വം' പഠിക്കേണ്ട ; സിലബസില്‍ സംഘപരിവാര്‍ അജൻഡ

പി ആർ ചന്തുകിരൺUpdated: Thursday Jul 9, 2020


ന്യൂഡൽഹി
കോവിഡ്‌ പശ്ചാത്തലത്തിൽ സിബിഎസ്‌ഇ സിലബസ്‌ ചുരുക്കിയതിലും സംഘപരിവാർ അജൻഡ മറനീക്കി. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽനിന്ന്‌ "ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം' എന്നിവ വെട്ടിമാറ്റി. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽനിന്ന്‌ ആസൂത്രണ കമീഷൻ, പഞ്ചവത്സര പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവ നീക്കി. വിദേശനയത്തിൽനിന്ന്‌ ഒഴിവാക്കിയത് അയൽരാജ്യങ്ങളുമായുള്ള ബന്ധം, നവ സമൂഹിക മുന്നേറ്റങ്ങൾ തുടങ്ങിയവ.

ഉദാരവൽക്കരണം സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ വാണിജ്യനയത്തിൽ ഉണ്ടാക്കിയ മാറ്റം, നോട്ടുനിരോധനം തുടങ്ങിയ ഭാഗം 12–-ാം ക്ലാസിലെ‌ ബിസിനസ്‌ സ്‌റ്റഡീസിൽനിന്ന്‌ ഒഴിവാക്കി. ബയോളജിയിൽനിന്ന്‌ പരിണാമ സിദ്ധാന്തവും സാമ്പത്തികശാസ്‌ത്രത്തിൽനിന്ന്‌ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നീക്കി. പത്താംക്ലാസിലെ സോഷ്യൽസയൻസില്‍ ജനാധിപത്യം, വൈവിധ്യം, ജാതി, മതം, ലിംഗം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുടങ്ങിയ ഭാഗങ്ങളില്‍ കത്രികവച്ചു. ഒമ്പതാംക്ലാസിലെ സിലബസിൽനിന്ന്‌‌ ജനാധിപത്യ അവകാശങ്ങൾ, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഒഴിവാക്കി. ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസിലെ പാഠ്യപദ്ധതിയിൽ 30 ശതമാനമാണ് കുറവ് വരുത്തിയത്.

മാനവവിഭവശേഷി മന്ത്രാലയത്തിനുലഭിച്ച 1,500 ശുപാർശകളിൽനിന്നാണ്‌‌ ഒഴിവാക്കേണ്ട ഭാഗങ്ങൾ തീരുമാനിച്ചതെന്നാണ് വിശദീകരണം. എന്നാല്‍, സംഘപരിവാരത്തിന്റെ കണ്ണിലെ കരടായവയാണ് ഒഴിവാക്കപ്പെട്ടതിലേറെയും.

ഒറ്റത്തവണത്തേക്ക് മാത്രമെന്ന് സിബിഎസ്‌ഇ
കോവിഡ്‌ സാഹചര്യത്തിൽ സിലബസിൽനിന്ന്‌ പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത്‌ ഒറ്റത്തവണത്തേക്കുള്ള നടപടിയാണെന്ന്‌ സിബിഎസ്‌ഇ. 2020–-21 അധ്യയന വർഷത്തേക്കുള്ള നടപടിയെ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക്‌ ‌ ക്ലേശം കുറയ്‌ക്കുന്നതിനാണ്‌ ഒമ്പതു മുതൽ 12–-ാം ക്ലാസു‌വരെയുള്ള 190 വിഷയത്തിന്റെ 30 ശതമാനം സിലബസ്‌ കുറച്ചത്‌. ഇത്‌ എൻസിആർടി തയ്യാറാക്കുന്ന ഉപ അക്കാദമിക്‌ കലണ്ടർ കാലയളവിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന്‌ സിബിഎസ്‌ഇ വാര്‍ത്താകുറിപ്പിറക്കി.


കാതലായ ഭാ​ഗങ്ങള്‍ ഒഴിവാക്കരുത്: എസ്‌എഫ്‌ഐ
കോവിഡ്‌ പ്രതിസന്ധികാലത്ത്‌ പാഠ്യപദ്ധതി അട്ടിമറിക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമമെന്ന്‌ എസ്‌എഫ്‌ഐ. യുക്തിസഹവും മതനിരപേക്ഷവും ജനാധിപത്യപരവുമായ സ്‌കൂൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കമാണ്‌ പകൽവെളിച്ചത്തിൽ സർക്കാർ കൊള്ളയടിച്ചത്‌.

ഭരണഘടനാമൂല്യവും ചരിത്രവും ഇല്ലാതാക്കി പാഠ്യപദ്ധതി വർഗീയവൽക്കരിക്കാനുള്ള ആർഎസ്‌എസ്‌–- ബിജെപി അജൻഡയുടെ ഭാഗമാണ്‌ ഈ നീക്കം. ഒഴിവാക്കിയ കാതലായ ഭാ​ഗം സിബിഎസ്ഇ  സിലബസിൽ വീണ്ടും ഉൾപ്പെടുത്തണം. അല്ലാത്തപക്ഷം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top