09 August Sunday

ഇടപെടാൻ നേതൃത്വമില്ല ; കോൺഗ്രസിൽ സിന്ധ്യക്കായി മുറവിളി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019


ന്യൂഡൽഹി
കർണാടകത്തിൽ സഖ്യസർക്കാരിന്റെ പതനം ഉറപ്പിച്ച‌് സ്വന്തം എംഎൽഎമാർ രാജിവയ്ക്കുമ്പോൾ ഒരു മാസത്തിലേറെയായി അധ്യക്ഷനില്ലാത്ത കോൺഗ്രസ‌് ഇരുട്ടിൽ തപ്പുന്നു. അധികാരം അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽ അട്ടിമറിയുണ്ടായാൽ പ്രതിരോധിക്കാൻ കേന്ദ്രനേതൃത്വമില്ല. പ്രതിസന്ധി അവസാനിപ്പിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയെ അധ്യക്ഷനാക്കണമെന്ന മുറവിളിയാണ‌് ഉയരുന്നത‌്. രാഹുലിന‌് പിന്തുണ പ്രഖ്യാപിച്ച‌് സിന്ധ്യ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ‌് വിവിധ കോണിൽനിന്ന‌് ആവശ്യം ശക്തമായത‌്.

സിന്ധ്യയെ അധ്യക്ഷനായി രാഹുൽഗാന്ധി നിയമിക്കണമെന്ന‌് ആവശ്യപ്പെട്ട‌് മധ്യപ്രദേശ‌് കോൺഗ്രസ‌് കമ്മിറ്റി ഓഫീസിനു മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകൾക്കകം എടുത്തുമാറ്റിയെങ്കിലും മധ്യപ്രദേശ‌് മന്ത്രിമാരടക്കം പരസ്യ പ്രസ‌്താവനയുമായി രംഗത്തുവന്നു. ഭക്ഷ്യമന്ത്രി പ്രദ്യുംസിങ‌് തോമർ, മന്ത്രി മഹേന്ദ്രസിങ‌് സിസോദിയ, ഗിരിരാജ‌് ദന്ദോതിയ എംഎൽഎ എന്നിവർ സിന്ധ്യയെ പാർടി പ്രസിഡന്റാക്കണമെന്ന‌് ആവശ്യപ്പെട്ടു. പക്ഷപാതമില്ലാത്ത യുവനേതാവായ സിന്ധ്യ അധ്യക്ഷനാകാൻ യോഗ്യനാണെന്ന‌് തോമർ പറഞ്ഞു. മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥും തോമറും തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായിരുന്നു. പാർടിയെ പ്രതിസന്ധിയിൽനിന്ന‌് കരകയറ്റാൻ പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്ന‌് പൊതുമരമാത്ത‌ുമന്ത്രി സജ്ജൻസിങ‌് വർമ പറഞ്ഞു. ബിജെപിയോട‌് ഏറ്റുമുട്ടി പാർടിയെ നയിക്കാൻ പ്രിയങ്കയാണ‌് ഏറ്റവും അനുയോജ്യയായ നേതാവെന്ന‌ും സജ്ജൻ സിങ‌് പറഞ്ഞു.

കർണാടകത്തിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബുധനാഴ‌്ച ചേരാനിരുന്ന പ്രവർത്തക സമിതി യോഗം  നീട്ടിവച്ചേക്കുമെന്നാണ‌് സൂചന. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത‌് ആലോചിക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന അജൻഡ.  ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തട്ടകമായിരുന്ന അമേഠിയിലെ കനത്ത തോൽവിക്കുശേഷം ബുധനാഴ‌്ച രാഹുൽ അമേഠി സന്ദർശിച്ചേക്കും. കിഴക്കൻ യുപിയുടെ ചുമതല വഹിക്കുന്ന പ്രിയങ്കയും രാഹുലിനൊപ്പം ഉണ്ടാകുമെന്നാണ‌് വിവരം‌. സോണിയ വിദേശത്താകും. ഇവർ മൂന്നുപേരും ഡൽഹിയിൽ ഇല്ലെന്നതിനാലാണ‌് പ്രവർത്തകസമിതി യോഗം നീട്ടിയതെന്ന‌് കോൺഗ്രസ‌് വൃത്തങ്ങൾ പറഞ്ഞു.

പ്രവർത്തക സമിതികൂടി വൈകാതെ തീരുമാനമെടുക്കണമെന്ന‌് മുതിർന്ന നേതാവ‌് കരൺസിങ‌് ആവശ്യപ്പെട്ടു. രാഹുലിന്റെ തീരുമാനത്തെ ബഹുമാനിക്കാതെ തിരിച്ചുവരാൻ അഭ്യർഥിച്ച‌് സമയം കളഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ വൈകാതെ പ്രവർത്തക സമിതി വിളിച്ചുകൂട്ടണം. ഇടക്കാല അധ്യക്ഷനെ നിയോഗിക്കണം. നാല‌് വർക്കിങ‌് പ്രസിഡന്റുമാരെയും നാല‌് വൈസ‌് പ്രസിഡന്റുമാരെയും തെരഞ്ഞെടുക്കണം. വടക്ക‌്, തെക്ക‌്, കിഴക്ക‌്, പടിഞ്ഞാറ‌് എന്നിങ്ങനെ നാല‌് മേഖലയിലും ഓരോരുത്തർക്ക‌് ചുമതല കൊടുക്കണം. ഇതുവഴി യുവനേതൃനിരയെ വളർത്തിക്കൊണ്ട‌് വരാമെന്ന‌ും കരൺ സിങ‌് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top