15 December Sunday

സുപ്രീംകോടതിയിലെ അഴിമതി തടയാൻ പൊലീസ‌ിൽനിന്ന‌് നിയമനം

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019


ന്യൂഡൽഹി
സുപ്രീംകോടതി രജിസ‌്ട്രിയിലെ അനധികൃത ഇടപാടുകൾ തടയാനും അഴിമതി അന്വേഷിക്കാനും പൊലീസിൽനിന്ന‌് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നു. സിബിഐയിലെയും ഡൽഹി പൊലീസിലെയും സീനിയർ സൂപ്രണ്ട‌്, സൂപ്രണ്ട‌് തസ‌്തികയിലുള്ള ഉദ്യോഗസ്ഥരെയാണ‌് നിയമിക്കുന്നതെന്ന‌് ദേശീയ ദിനപത്രം റിപ്പോർട്ട‌് ചെയ‌്തു. ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിന‌് പൊലീസിൽനിന്ന‌് നിയമനം നടത്തുന്നത‌് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമാണ‌്. അഡീഷണൽ രജിസ‌്ട്രാർ, ഡെപ്യൂട്ടി രജിസ‌്ട്രാർ, ബ്രാഞ്ച‌് ഓഫീസർ, സീനിയർ കോർട്ട‌് അസിസ്റ്റന്റ‌് എന്നീ പദവികൾക്ക‌് സമാനമായ തസ‌്തികകളിലാണ‌് ഡെപ്യൂട്ടേഷനിൽ നിയമിക്കുക. അഭിഭാഷകരും സുപ്രീംകോടതി ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഇവർ സൂക്ഷ‌്മമായി നിരീക്ഷിക്കും. ചില കേസുകൾ താൽപ്പര്യമുള്ള ബെഞ്ചുകളിൽ മാത്രം ലിസ്റ്റ‌് ചെയ്യുന്നത‌് സംശയാസ‌്പദമാണെന്ന ജഡ‌്ജിമാരുടെ പരാതിയെത്തുടർന്ന‌് ചീഫ‌് ജസ്റ്റിസ‌് രഞ്ജൻ ഗൊഗോയ‌് ആണ‌് തീരുമാനമെടുത്തത‌്.

നിലവിലെ ഉദ്യോഗസ്ഥരുടെയും ഇനി നിയമനം നേടുന്നവരുടെയും വിവരങ്ങൾ ഈ പൊലീസ‌് ഉദ്യോഗസ്ഥരുടെ കീഴിലാണ‌് പരിശോധിക്കുക. കോടതിയിലും ജഡ‌്ജിമാരുടെ വസതികളിലെ ഓഫീസുകളിലും നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ മുൻകാല പ്രവർത്തനങ്ങൾ, വിശ്വാസ്യത, ധാർമികത എന്നിവ ഈ സംവിധാനം പരിശോധിക്കും. വൻകിട കേസുകൾ ഒരു പ്രത്യേകബെഞ്ചിൽ ലിസ്റ്റ‌് ചെയ്യാൻ ഇടപെടലുണ്ടായി എന്ന പരാതികൾ മാത്രമാണ‌് നിലവിൽ സുപ്രീംകോടതിയിലുള്ള വിജിലൻസ‌് വകുപ്പ‌് അന്വേഷിക്കുന്നത‌്. വ്യവസായിയായ അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ഉത്തരവ‌് രണ്ട‌് സുപ്രീംകോടതി രജിസ‌്ട്രി ഉദ്യോഗസ്ഥർ തിരുത്തിയിരുന്നു. അംബാനി നേരിട്ട‌് കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ‌് നേരിട്ട‌് ഹാജരാകേണ്ട എന്നാണ‌് തിരുത്തിയത‌്. ജസ്റ്റിസ‌് ആർ എഫ‌് നരിമാന്റെ പരാതിയെത്തുടർന്ന‌് രണ്ട‌് ഉദ്യോഗസ്ഥരെയും ചീഫ‌്ജസ്റ്റിസ‌് പുറത്താക്കി. ഈ സാഹചര്യത്തിലാണ‌് വിജിലൻസ‌് സംവിധാനം ശക്തിപ്പെടുത്താൻ നടപടിയെടുത്തത‌്.

ഹർജിക്കാർക്കും അഭിഭാഷകർക്കും താൽപ്പര്യമുള്ള ബെഞ്ചിനുമുന്നിൽ കേസുകൾ ലിസ്റ്റ‌്ചെയ്യുന്നതിന‌് ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന‌് ഒരു യുവ അഭിഭാഷകൻ സത്യവാങ‌്മൂലം സമർപ്പിച്ചിരുന്നു. തുടർന്ന‌് രജിസ‌്ട്രിയിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന‌് പരിശോധിക്കാൻ ജസ്റ്റിസ‌് എ കെ പട‌്നായിക്കിനെ ഏകാംഗ കമീഷനായി നിയമിച്ചു. സിബിഐ, ഇന്റലിജൻസ‌് ബ്യൂറോ, ഡൽഹി പൊലീസ‌് എന്നിവർ ആവശ്യമെങ്കിൽ അന്വേഷണത്തിന‌് സഹായം നൽകണമെന്നും നിർദേശിച്ചു. കാര്യനിർവഹണ വിഭാഗം കാര്യക്ഷമമാക്കുന്നതിന‌് നിയമനത്തിനും പരിശീലനത്തിനും പുതിയ വകുപ്പുകൾ തുടങ്ങാനും തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top