15 September Sunday

ഉന്നാവ്‌ : പെൺകുട്ടി പറഞ്ഞതെല്ലാം സത്യം: സിബിഐ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


ന്യൂഡൽഹി
ഉന്നാവിൽ പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ്‌ സിങ്‌ സെൻഗാർ ബലാത്സംഗംചെയ്‌തെന്ന പരാതി ശരിയാണെന്ന്‌ സിബിഐ ഡൽഹി തിസ്‌ഹസാരി കോടതിയിൽ അറിയിച്ചു. പ്രായപൂർത്തിയാകുംമുമ്പ്‌ 2017ൽ കുൽദീപ്‌ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതി ശരിയാണെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയെന്ന്‌ സിബിഐ വ്യക്തമാക്കി. ശശി സിങ്‌ പെൺകുട്ടിയെ കുൽദീപിന്റെ വീട്ടിലെത്തിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ആരും അവിടെ ഉണ്ടായിരുന്നില്ല. കുൽദീപ്‌ മുറിയിലേക്ക്‌ കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ്‌ സിബിഐ  റിപ്പോർട്ട്‌. നടപടി ആവശ്യപ്പെട്ട്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌ പെൺകുട്ടി കത്തെഴുതിയെങ്കിലും 2018 ജനുവരി 12 വരെ നടപടിയെടുത്തില്ലെന്നും സിബിഐ അറിയിച്ചു.

ആരോപണം തെറ്റാണെന്നായിരുന്നു യുപി പൊലീസിന്റെ കണ്ടെത്തൽ. കേസിന്റെ വാദത്തിനായി പെൺകുട്ടിയുടെ അച്ഛൻ ഉന്നാവ്‌ കോടതിയിൽ ഹാജരായ ദിവസംതന്നെയാണ്‌ ആയുധനിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ്‌ചെയ്‌തത്‌. തുടർന്ന്‌ ദിവസങ്ങൾക്കുള്ളിൽ പൊലീസ്‌ കസ്റ്റഡിയിൽ പെൺകുട്ടിയുടെ അച്ഛൻ മരിച്ചെന്നും സിബിഐ റിപ്പോർട്ടിൽ പറഞ്ഞു.
 

റിപ്പോർട്ട്‌ ചെയ്യരുത്‌
കേസുമായി ബന്ധപ്പെട്ട വാദങ്ങളും സാക്ഷികളുടെ സത്യവാങ്മൂലവും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യരുതെന്ന്‌ കോടതി നിർദേശിച്ചു. വിചാരണ ആരംഭിക്കുമ്പോൾ മാധ്യമങ്ങളെ കോടതിക്കുള്ളിൽ അനുവദിക്കുന്ന കാര്യം തീരുമാനിക്കും. കേസ്‌ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ വിലക്കണമെന്ന് കേസിലെ പ്രതിയായ കുൽദീപ് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും കേസിലെ സാക്ഷികൾക്കും ഒരുക്കിയ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും സിബിഐ നൽകി. സാക്ഷികളുടെ സംരക്ഷണം, യാത്ര, അലവൻസുകൾ എന്നിവ വ്യക്തമാക്കി വ്യാഴാഴ്‌ച റിപ്പോർട്ട്‌ നൽകാൻ കോടതി ആവശ്യപ്പെട്ടു.
വിദഗ്‌ധ ചികിത്സയ്‌ക്കായി ഡൽഹി എയിംസിൽ എത്തിച്ച പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്‌.


പ്രധാന വാർത്തകൾ
 Top