10 August Monday

ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വ്യാപിച്ചതിനു കാരണം കേന്ദ്രത്തിന്റെ അലംഭാവം; പിപിഇ കിറ്റുകളും ഉറപ്പാക്കിയില്ല

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020

ന്യൂഡൽഹി > വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ (പിപിഇ) അഭാവത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വ്യാപകമായി കോവിഡ് രോഗം ബാധിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചത്
കേന്ദ്ര സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നടപടികൾ. അടിയന്തര ഇടപെടൽ നടത്താതെ അഞ്ച് ആഴ്ചകൾ കേന്ദ്രം നഷ്ടപ്പെടുത്തിയെന്ന് പ്രിവന്റീവ് വിയർ മാനുഫാക്ച്ചറർ അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ സഞ്ജീവ് ചൂണ്ടിക്കാട്ടി.

കോവിഡ് ഭീഷണി പരിഗണിച്ച് ആവശ്യത്തിന് പിപിഇ കിറ്റുകൾ സംഭരിക്കാൻ നടപടി ആവശ്യപ്പെട്ട് ഫെബ്രുവരി പകുതിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ വിവിധ പിപിഇ കിറ്റ് നിർമ്മാതാക്കൾ ബന്ധപ്പെട്ടു. ഈ പ്രത്യേക സാഹചര്യത്തിനായി ഏത് മാനദണ്ഡപ്രകാരമുള്ള പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കണമെന്ന് മാർച്ച് പകുതി കഴിഞ്ഞും
കേന്ദ്രം നിർദ്ദേശം നൽകിയില്ല. മാർച്ച് 24 നാണ് കേന്ദ്രം ഈ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്.   അടുത്ത ദിവസം മുതൽ രാജ്യവ്യാപക ലോക്ഡൗണും കേന്ദ്രം പ്രഖ്യാപിച്ചു.

മാത്രമല്ല, വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ കയറ്റുമതി റദ്ദാക്കിയ ജനുവരി 31ലെ ഉത്തരവ്  ഫെബ്രുവരി എട്ടിന് കേന്ദ്രം ഇളവു ചെയ്തു. മാർച്ച് 18ന് ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിൽ ചേർന്ന യോഗം മാസ്‌ക്കുകൾക്ക് ക്ഷാമമുണ്ടെന്ന് വിലയിരുത്തി. 19 ന് പിപിഇ കിറ്റുകളും അസംസ്‌കൃത വസ്തുക്കളും കയറ്റുമതി ചെയ്യുന്നത് കേന്ദ്രം നിരോധിച്ചു.

ഉടനടി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അസംസ്‌കൃത വസ്തുക്കളുടെ സംഭരണം  നടന്നില്ലെന്ന് സഞ്ജയ് പറഞ്ഞു. തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. അസംസ്‌കൃത വസ്തുക്കൾ സംഭരിക്കുന്നതിനടക്കം അനുമതികൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഈ പരിമിതികൾക്കിടയിലും എത്ര പിപി ഇ കിറ്റുകൾ നിർമ്മിച്ചു സംഭരിക്കണമെന്നതിൽ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ലെന്ന് സഞ്ജയ് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top