ന്യൂഡല്‍ഹി > കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ പ്രതിഷേധത്തിനെത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെയും നജീബിന്റെ ഉമ്മയെയും ഡല്‍ഹി പൊലീസ് മര്‍ദിച്ചു. നജീബിന്റെ ഉമ്മ ഫാത്തിമയെ മര്‍ദിച്ച പൊലീസ് അവരെ ബലമായി കസ്റ്റഡിയില്‍ എടുത്ത് വലിച്ചിഴച്ച് പൊലീസ് വാഹനത്തില്‍ കയറ്റി. നജീബിന്റെ സഹോദരന് മുജീബ്, സഹോദരി സദാഫ് മുഷ്റഫ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജനറല്‍ സെക്രട്ടറി വിക്രംസിങ്ങ്, നാല് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനറല്‍ സെക്രട്ടറി ശതരൂപ ചക്രവര്‍ത്തി, വൈസ് പ്രസിഡന്റ് പി പി അമല്‍ ഉള്‍പ്പെടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ഭാരവാഹികളും പൊലീസ് കസ്റ്റഡിയിലാണ്.
ഞായറാഴ്ച വൈകിട്ട് സമാധാനപരമായി ഇന്ത്യാഗേറ്റില്‍ പ്രതിഷേധയോഗം ചേരാനായിരുന്നു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. വിദ്യാര്‍ഥികള്‍ കൂട്ടമായി പുറത്തേക്ക് എത്തുന്നത് തടയാന്‍ ജെഎന്‍യുവിന്റെ കവാടത്തില്‍ത്തന്നെ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചു. തുടര്‍ന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചെറുസംഘങ്ങളായാണ് വിദ്യാര്‍ഥികള്‍ എത്തിയത്.
ഇന്ത്യാഗേറ്റും പരിസരവും നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് വളഞ്ഞിരുന്നു. ഇന്ത്യാഗേറ്റിലേക്കുള്ള എല്ലാ റോഡും ബാരിക്കേഡുകള്‍ ഉയര്‍ത്തി ഉപരോധിച്ചു. ഇന്ത്യാ ഗേറ്റ് കാണാനെത്തിയ സന്ദര്‍ശകരെയും ചെറുകിട കച്ചവടക്കാരെയുംമറ്റും പൊലീസ് ഒഴിപ്പിച്ചു. ചെറുസംഘങ്ങളായി എത്തിയ വിദ്യാര്‍ഥികളെ അപ്പോള്‍ത്തന്നെ ബലമായി പൊലീസ് വാഹനത്തിലേക്ക് മാറ്റി. എതിര്‍ക്കാര്‍ ശ്രമിച്ചവരെ പൊലീസുകാര്‍ സംഘംചേര്‍ന്ന് മര്‍ദിച്ചൊതുക്കി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
നാഷണല്‍ ആര്‍ക്കൈവ്സ് കെട്ടിടത്തിന് സമീപത്തുനിന്നാണ് നജീബിന്റെ ഉമ്മ ഫാത്തിമയെ പൊലീസ് ബലമായി കസ്റ്റഡിയില്‍ എടുത്തത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചപ്പോള്‍ ഫാത്തിമ ചോദ്യംചെയ്തു. ഇതോടെ വനിതാ പൊലീസ് എത്തി ഫാത്തിമയെ ബലമായി പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചുകയറ്റുകയായിരുന്നു. മുന്നൂറോളം വിദ്യാര്‍ഥികളാണ് പൊലീസ് ബന്തവസ്സ് മറികടന്ന് ഇന്ത്യാഗേറ്റില്‍ എത്തിയത്. ഇവരെ നേരിടാന്‍ രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതിഷേധത്തെ അഭിസംബോധനചെയ്യാന്‍ എത്തുമെന്ന് പൊലീസിന് സൂചനയുണ്ടായിരുന്നു. കെജ്രിവാള് എത്തുന്നതിനുമുമ്പ് നജീബിന്റെ അമ്മയെയും വിദ്യാര്‍ഥികളെയും നീക്കാനാണ് ഉന്നതങ്ങളില്‍നിന്ന് പൊലീസിന് ലഭിച്ച നിര്‍ദേശം.
എസ്എഫ്ഐ നേതാക്കളായ സുനന്ദ്, പ്രശാന്ത്, ദീപ്ഷിത, നിതീഷ് നാരായണന് എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ മന്ദിര്‍മാര്‍ഗ്, പാര്‍ലമെന്റ് സ്ട്രീറ്റ്, മയൂര്പുരി എന്നീ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
യെച്ചൂരി അപലപിച്ചു
ന്യൂഡല്‍ഹി > ഇന്ത്യാഗേറ്റില്‍ പ്രതിഷേധത്തിനെത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെയും കാണാതായ വിദ്യാര്‍ഥി നജീബിന്റെ ഉമ്മയെയും പൊലീസ് തല്ലിച്ചതച്ച സംഭവത്തെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. മകനെ കാണാതായ ഒരു അമ്മയോടുള്ള ഭരണകൂടത്തിന്റെ പ്രതികരണമാണിതെന്ന് നജീബിന്റെ ഉമ്മയെ ബലപ്രയോഗത്തിലൂടെ നീക്കുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യെച്ചൂരി പ്രതികരിച്ചു. മോഡി മൌനവ്രതത്തില്‍ ആണോയെന്നും യെച്ചൂരി ചോദിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംഭവത്തില്‍ പ്രതിഷേധിച്ചു. ജെഎന്‍യു വിദ്യാര്‍ഥികളെ തടയാനായി വിന്യസിച്ച അത്രയും പൊലീസിനെ നജീബിനെ കണ്ടെത്താന്‍ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഫലം കണ്ടേനെയെന്ന് കെജ്രിവാള് പറഞ്ഞു. പ്രക്ഷോഭങ്ങളെ മര്‍ദിച്ചൊതുക്കാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമമെന്നും കെജ്രിവാള് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..