22 October Tuesday

റഷ്യക്ക്‌ 7,150 കോടി: പഞ്ഞകാലത്തും മോഡി വീമ്പ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2019

ന്യൂഡൽഹി >  റിസർവ്‌ ബാങ്കിന്റെ കരുതൽ നിക്ഷേപം പോലുമെടുത്ത്‌ ചെലവ്‌ നടത്തുന്ന മോഡിസർക്കാർ റഷ്യക്ക്‌ ധനസഹായം പ്രഖ്യാപിച്ചത്‌ നയതന്ത്രപൊങ്ങച്ചം. രാജ്യത്തെ ഒട്ടേറെ സംസ്ഥാനങ്ങൾ പ്രളയക്കെടുതിയിൽ കഴിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയിലെ കിഴക്കൻപ്രദേശങ്ങളുടെ വികസനത്തിനെന്ന പേരിൽ 7,150 കോടി രൂപയാണ്‌ വായ്‌പ പ്രഖ്യാപിച്ചത്‌.

  ഇന്ത്യ കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഈ നടപടി സാമ്പത്തിക വിദഗ്‌ധരിലും രാഷ്ട്രീയനിരീക്ഷകരിലും അമ്പരപ്പ്‌ സൃഷ്ടിച്ചു. ഭൂട്ടാൻ, ബംഗ്ലാദേശ്‌, നേപ്പാൾ, ശ്രീലങ്ക എന്നിവ പോലുള്ള അയൽരാജ്യങ്ങൾക്ക്‌ ഇന്ത്യ ധനസഹായം നൽകുന്നതില്‍  തന്ത്രപരമായ ഉചിത്യമുണ്ട്.സാമ്പത്തികശേഷി കുറഞ്ഞ വിദൂരരാജ്യങ്ങളെ സഹായിക്കുന്നത്‌ രാജ്യത്തിന്റെ പ്രതിച്ഛായയും അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടൽ ശേഷിയും വർധിപ്പിക്കും.  വികസനത്തിന്റെ മിക്ക മേഖലയിലും റഷ്യ ഇന്ത്യയെ അപേക്ഷിച്ച്‌ മുന്നിലാണ്‌. റഷ്യയിലെ പ്രതിശീർഷ വരുമാനം 11,473 ഡോളറായിരിക്കെ ഇന്ത്യയിൽ ഇത്‌ 2,009 ഡോളർ മാത്രം. റഷ്യയുടെ മൊത്തം കടം 2.45 ലക്ഷം കോടി ഡോളറാണെങ്കിൽ ഇന്ത്യയുടെ കടബാധ്യത 18.9 ലക്ഷം കോടി ഡോളറാണ്‌.

  സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം ഇന്ത്യ നേരിടുകയാണ്‌. സാമൂഹികക്ഷേമ, ഗ്രാമീണ മേഖലകളിൽ സർക്കാർ ചെലവുകൾ വെട്ടിക്കുറയ്‌ക്കുന്നു. ഫണ്ടിന്റെ അഭാവത്തിൽ ദേശീയപാത വികസനം നിർത്തി. സാമ്പത്തിക വളർച്ചയും അടിസ്ഥാനമേഖലയിലെ ഉൽപ്പാദനവും തിരിച്ചടി നേരിടുന്നു. പ്രകൃതിക്ഷോഭങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും വൻനാശനഷ്ടം വരുത്തി. ഇതൊന്നും പരിഗണിക്കാതെയാണ്‌ കേന്ദ്രസർക്കാർ റഷ്യക്ക്‌ വായ്‌പ വാരിക്കോരി പ്രഖ്യാപിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top