20 September Sunday

രാജ്യത്ത്‌ കോവിഡ്‌ രോഗികൾ 20 ലക്ഷം ; മരണം 41000; ചികിൽസയിലുള്ളവരുടെ എണ്ണം ആറുലക്ഷം കടന്നു.

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂഡൽഹി  
രാജ്യത്ത്‌ കോവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു. മരണം 41000. പ്രതിദിനം അരലക്ഷത്തിലേറെ പുതിയരോഗികളും എണ്ണൂറിലേറെ ‌ മരണവുമാണ്‌ റിപ്പോർട്ടുചെയ്യുന്നത്‌. ഒരുദിവസത്തെ മരണസംഖ്യ ബുധനാഴ്‌ച ആദ്യമായി 900 കടന്നു. രോഗവ്യാപനം  ഈതോതിൽ തുടർന്നാൽ ആഗസ്‌ത്‌ പകുതിയോടെ കാൽ കോടിയിലെത്തും. ചികിൽസയിലുള്ളവരുടെ എണ്ണം വ്യാഴാഴ്‌ച ആറുലക്ഷം കടന്നു.

നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ്‌ കേസുകൾ ഇന്ത്യയിലാണ്‌‌. കേന്ദ്രസർക്കാർ കണക്കുകൾപ്രകാരം 24 മണിക്കൂറിൽ 56,282 പുതിയരോഗികളും 904 മരണവുമാണ്‌ റിപ്പോർട്ടുചെയ്‌തത്‌. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുപ്രകാരം ബുധനാഴ്‌ച 57,197 രോഗികളും 920 മരണവുമാണ്‌. രോഗവ്യാപനത്തിൽ ഏറെ മുന്നിലുള്ള യുഎസിൽ ബുധനാഴ്‌ച 55,148 പുതിയ രോഗികളാണുള്ളത്‌. രണ്ടാമതുള്ള ബ്രസീലിൽ 54,685 പുതിയ രോഗികൾ‌.


 

24 മണിക്കൂറിൽ 46121 പേർ രോഗമുക്തരായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ രോഗമുക്തർ 13.28 ലക്ഷം. 67.62 ശതമാനമാണ്‌ രോഗമുക്തി നിരക്ക്‌. രാജ്യത്ത്‌ മരണനിരക്ക്‌ 2.07 ശതമാനമാണ്‌. 24 മണിക്കൂറിൽ 6.65 ലക്ഷം പരിശോധനകൾ നടത്തിയതായി ഐസിഎംആർ അറിയിച്ചു. ആകെ പരിശോധന 2.21 കോടിയിലെത്തി. ദശലക്ഷം പേരിൽ 15,568 എന്നതാണ്‌  പരിശോധന നിരക്ക്‌.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപനമാണ്‌‌ ജൂലൈയിൽ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വലിയ കുതിപ്പിന്‌ വഴിയൊരുക്കിയത്‌. എന്നാൽ, ആഗസ്‌തിലേക്ക്‌ കടക്കുമ്പോൾ യുപി, ബിഹാർ, ബംഗാൾ, ഒഡിഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികൾ വൻതോതിൽ വർധിക്കുകയാണ്‌‌. യുപിയിൽ പ്രതിദിന കേസുകൾ നാലായിരം കടന്നപ്പോൾ ബിഹാറിൽ മൂവായിരത്തിലേറെയാണ്‌. ബംഗാളിലും മൂവായിരത്തിനടുത്ത്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. യുപിയിലും ബംഗാളിലും അമ്പതിലേറെയാണ്‌ പ്രതിദിന മരണം‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top