21 September Monday

രാമക്ഷേത്ര ഭൂമിപൂജ : ആശങ്കകൾ ശരിയായി: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂഡൽഹി
സിപിഐ എം പൊളിറ്റ്‌ബ്യൂറോ ഉയർത്തിയ എല്ലാ ആശങ്കയും ശരിവയ്‌ക്കും വിധമാണ്‌ അയോധ്യയിൽ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങ്‌ സംഘടിപ്പിച്ചതെന്ന്‌  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ക്ഷേത്രനിർമാണ ചുമതല സർക്കാർ ഏറ്റെടുത്തത്‌ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷസ്വഭാവം നിഷേധിക്കലാണ്‌. ക്ഷേത്ര നിർമാണം ട്രസ്‌റ്റാണ്‌ നടത്തേണ്ടതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിത്‌.

ബാബ്‌റി മസ്‌ജിദ്‌ തകർത്തതിന്‌ ഭൂമിപൂജ വഴി മുൻകാല പ്രാബല്യത്തോടെ ന്യായീകരണം  നൽകി. മസ്‌ജിദ്‌ തകർത്തതിനെ കടുത്ത നിയമലംഘനമായി വിശേഷിപ്പിച്ച സുപ്രീംകോടതി, കുറ്റക്കാരെ ശിക്ഷിക്കണമെന്നും നിർദേശിച്ചു. ശിക്ഷ വരുംമുമ്പ്‌ ക്ഷേത്രനിർമാണം തുടങ്ങി.

മതവികാരം സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ ചൂഷണം ചെയ്യലായി ഭൂമിപൂജ മാറി. ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്‌ വിരുദ്ധമാണ്‌ ഈ നടപടി. മതപരമായ സമ്മേളനങ്ങൾക്കുള്ള‌ ആഭ്യന്തരമന്ത്രാലയത്തിന്റെ നിരോധനം മാനിക്കാതെയും കോവിഡ്‌ സുരക്ഷാ മാനദണ്ഡം ലംഘിച്ചുമാണ്‌ ചടങ്ങ്‌ നടന്നത്‌.  ദൂരദർശൻ ചടങ്ങ്‌ തത്സമയം സംപ്രേഷണം ചെയ്‌തു. ഓരോ പൗരനും മതവിശ്വാസം തെരഞ്ഞെടുക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണിത്‌. സർക്കാരിന്‌ മതമില്ല. തെരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കലാണ്‌ സർക്കാരിന്റെ കടമ –-യെച്ചൂരി പ്രതികരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top