21 September Monday

47 വർഷത്തിനിടയിലെ കനത്ത മഴ ; വിറങ്ങലിച്ച്‌ മുംബൈ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

മുംബൈ
അതിശക്തമായ മഴയിലും വെള്ളക്കെട്ടിലും വിറങ്ങലിച്ച്‌ മുംബൈ നഗരം. കോവിഡ്‌ മഹാമാരിയിൽ വലയുന്ന മഹാനഗരത്തിൽ നിലയ്‌ക്കാതെ പെയ്യുന്ന മഴ കനത്ത ആഘാതമായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ വീടുകൾക്കകത്തേക്ക്‌ വെള്ളം ഇരച്ചു കയറി.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്‌തത്‌ 46 വർഷത്തിലെ ഏറ്റവും കനത്ത മഴ. കൊളാബ കാലാവസ്ഥാകേന്ദ്രത്തിൽ 33.2 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി‌. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്‌ പ്രകാരം 1974 ആഗസ്തിനുശേഷം ഒരു ദിവസമുണ്ടാകുന്ന വലിയ മഴയാണ് ഇത്‌.

മുംബൈ നഗരത്തിൽ 24 മണിക്കൂറിനിടെ 331.08 മില്ലിമീറ്റർ മഴയും സമീപദേശങ്ങളിൽ 162.3 മില്ലിമീറ്റർ മഴയും പെയ്‌തു.മണിക്കൂറിൽ 106 കിലോമീറ്റർ വേഗത്തിൽ‌ കാറ്റ്‌ വീശി‌. ശക്തമായ മഴയും 80 കിലോമീറ്റർ വേഗത്തിൽവരെ കാറ്റും ഉണ്ടാകാമെന്ന്‌‌ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച്‌ മഴയുടെ തീവ്രതയിൽ കുറവുണ്ടാകും. കഴിഞ്ഞ ദിവസം 100 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ മുംബൈ സ്റ്റോക്‌ എക്സ്ചേഞ്ചിനടക്കം കേട്‌പാടുണ്ടായി. മരം കടപുഴകിയതും മതിൽ തകർന്നതടക്കം നാനൂറോളം സംഭവമാണ്‌ നഗരത്തിലുണ്ടായത്‌. നഗരവാസികൾ‌ പുറത്തിറങ്ങരുതെന്ന്‌ മുന്നറിയിപ്പ്‌ നൽകി. നെഹ്‌റു പോർട്ട് ട്രസ്റ്റിൽ മൂന്നു ക്രെയിൻ തകർന്ന്‌ വീണു. ‌ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറെ അടിയന്തരയോഗം വിളിച്ചു.

ഗതാഗതം പുനഃസ്ഥാപിച്ചു
നഗരത്തിൽ തടസ്സപ്പെട്ട ഗതാഗതം ചിലയിടത്ത്‌ പുനഃസ്ഥാപിച്ച്‌ തുടങ്ങി. ദക്ഷിണ മുംബൈയിൽ പലയിടത്തും ഇപ്പോഴും കനത്ത വെള്ള ക്കെട്ടാണ്‌. ലോക്കൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു‌. ബസുകൾ വഴിതിരിച്ച്‌ വിട്ടു. മുംബൈ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ താനെയിലേക്ക്‌ സർവീസ്‌ പുനരാംഭിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top