03 August Monday

തർക്കമേഖലകളിൽനിന്ന്‌ സേന പിന്മാറ്റം തുടരുന്നു , ജാഗ്രതയിൽ അയവില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


ന്യൂഡൽഹി> കിഴക്കൻ ലഡാക്കിൽ തർക്കമേഖലകളിൽനിന്ന്‌ ഇന്ത്യ, ചൈന സേനപിന്മാറ്റം രണ്ടാം ദിവസവും തുടർന്നു. ഹോട്ട്‌സ്‌പ്രിങ്‌സ്‌, ഗൽവാനിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി) എന്നിവിടങ്ങളിൽനിന്ന്‌ ചൈനീസ്‌ സേന രണ്ട്‌ കിലോമീറ്റർ പിന്മാറി. ഗോഗ്രയിലെ പിന്മാറ്റം ചൊവ്വാഴ്‌ച പൂർത്തിയാകും. മൂന്ന്‌ മേഖലയിലും ഇന്ത്യൻ സേനയും തുല്യ ദൂരത്തിൽ പിന്മാറി. ഈ മേഖലകളിലെ പട്രോളിങ്‌ സംബന്ധിച്ച്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നടക്കുന്ന സൈനികതല ചർച്ചകളിൽ തീരുമാനമെടുക്കും.

ഗൽവാനിൽ പട്രോൾ പോയിന്റ്‌ 14ലെ താവളം തകർത്തശേഷമാണ്‌ ചൈന ഞായറാഴ്‌ച പിന്മാറ്റം തുടങ്ങിയത്. അതിർത്തിയിൽ ഇന്ത്യൻ സൈന്യം പട്രോളിങ്‌ നടത്തുന്ന ഏറ്റവും വിദൂരമായ ഇടമാണിത്‌. ഇരുസേനകളുടെയും മുന്നണികൾക്കിടയിൽ രൂപംകൊണ്ട കരുതൽ അകലം ഡ്രോണുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ച്‌ നിരീക്ഷിക്കും.
പിന്മാറ്റം തുടങ്ങിയെങ്കിലും ഇന്ത്യൻസേന ജാഗ്രതയിൽ അയവ്‌ വരുത്തിയിട്ടില്ല. ശ്രീനഗറിലെ വ്യോമസേന താവളം ഏതു അടിയന്തരനീക്കങ്ങൾക്കും സജ്ജമാണ്‌.

ലഡാക്കിൽ 20,000 കോടി രൂപയുടെ റോഡ്‌ വികസനപദ്ധതി വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. തന്ത്രപ്രധാനമായ ഭാഗങ്ങളിൽ 30 പാലം നിർമാണഘട്ടത്തിലാണ്‌. മേഖലയിൽ അടിസ്ഥാനസൗകര്യ വികസനം ഊർജിതമാക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top