07 August Friday

പാർലമെന്റ് സമിതി ‘കട്ട്‌ ചെയ്‌ത്‌’ രാഹുൽ; പരിഹസിച്ച് ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


ന്യൂഡൽഹി
പ്രതിരോധ വിഷയങ്ങളുമായി ബന്ധപ്പെട്ട പാർലമെന്റ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി യോഗത്തില്‍ തുടർച്ചയായി പങ്കെടുക്കാതെ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി. 2019 സെപ്‌തംബറിൽ രൂപംനൽകിയ 31 അംഗ സമിതി 11 തവണ ചേര്‍ന്നെങ്കിലും  അംഗമായ രാഹുൽ ഒന്നിലും പങ്കെടുത്തില്ല. മാർച്ച്‌ 12നാണ്  ഒടുവില്‍ ചേര്‍ന്നത്. ഇന്ത്യ, ചൈന സംഘർഷത്തില്‍ കേന്ദ്രത്തെ വിമർശിക്കുന്ന രാഹുൽ പാര്‍ലമെന്റ് സമിതി ‘കട്ട് ചെയ്യുന്ന‌’തിനെ ബിജെപി ദേശീയഅധ്യക്ഷൻ ജെ പി നഡ്ഡ വിമർശിച്ചു. രാഹുലിന്റെ  പുകൾപെറ്റ കുടുംബപാരമ്പര്യം പരിശോധിച്ചാൽ അവർ  പ്രതിരോധ കാര്യങ്ങളിൽ കമ്മിറ്റികൾക്ക്‌ പകരം  ‘കമീഷനാണ്‌’ പ്രാധാന്യം നൽകാറുള്ളതെന്നും നഡ്ഡ ട്വിറ്ററിലൂടെ പരിഹസിച്ചു.

സ്‌റ്റാൻഡിങ്‌ കമ്മിറ്റിയിലെ രാഹുലിന്റെ അഭാവവും അതിർത്തി സംഘർഷത്തിലെ കേന്ദ്രനിലപാടുകളും വ്യത്യസ്‌ത വിഷയങ്ങളാണെന്ന്‌‌ കോൺഗ്രസ്‌ പ്രതികരിച്ചു. 45 വർഷങ്ങൾക്ക്‌ ശേഷം നിയന്ത്രണരേഖയിൽ മരണങ്ങൾ സംഭവിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ കേന്ദ്രം വിശദീകരിക്കണമെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ ജയ്‌വീർഷെർഗിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top