16 September Monday

വർഗീയ ധ്രുവീകരണത്തിന‌് മോഡി നുണപറയുന്നു: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

ന്യൂഡൽഹി > വർഗീയ ധ്രുവീകരണത്തിനായി  പ്രധാനമന്ത്രി നരേന്ദ്ര മോഡി നുണ പ്രചരിപ്പിക്കുകയാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അസത്യങ്ങളും നിലവാരമില്ലാത്ത തന്ത്രങ്ങളും വഴി പ്രധാനമന്ത്രിക്ക‌് അഞ്ച‌ു വർഷത്തെ ഭരണപരാജയം മറച്ചുവയ‌്ക്കാനാകില്ലെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരി ഹിന്ദുഇതിഹാസങ്ങളെ അപമാനിച്ചുവെന്ന മോഡിയുടെ ആരോപണത്തോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രമേയം യുദ്ധങ്ങളിൽ കേന്ദ്രീകരിച്ചാണെന്ന‌്  പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ‌്താണ‌് മോഡി പശ‌്ചിമബംഗാളിൽ പ്രചാരണം നടത്തുന്നത‌്. ഹൈന്ദവവിശ്വാസത്തിൽ സംഘർഷവും യുദ്ധവുമില്ലെന്ന  ആർഎസ‌്എസ‌് വാദം ശരിയല്ലെന്ന് സ്ഥാപിക്കാനാണ‌് യെച്ചൂരി രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പ്രമേയം ചൂണ്ടിക്കാണിച്ചത‌്. എന്നാൽ ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നുവെന്നാണ‌് മോഡി  ദുർവ്യാഖ്യാനിച്ചത‌്. സത്യം പറയുന്നത‌് ഒഴിവാക്കാനുള്ള എളുപ്പവഴി അസംബന്ധം വിളിച്ചുപറയുകയാണെന്ന തന്ത്രമാണ‌് മോഡി സ്വീകരിച്ചിരിക്കുന്നതെന്ന‌്  യെച്ചൂരി ട്വിറ്ററിൽ പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ നിരാശജനകമായ പ്രകടനം മറച്ചുപിടിക്കാൻ ഇതുകൊണ്ടൊന്നും മോഡിക്ക‌് കഴിയില്ല. ജീവിതം ദുരിതപൂർണമാക്കിയതിനു ബിജെപിയും തൃണമൂൽ കോൺഗ്രസും ബംഗാൾ ജനതയ‌്ക്ക‌്  മറുപടി നൽകേണ്ടിവരുമെന്നും യെച്ചൂരി കുറിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top