26 May Tuesday

ഒടുവിൽ കർണാടകത്തിൽ ചികിത്സയ്‌ക്ക്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


സ്വന്തം ലേഖകൻ
കോവിഡ്‌ അല്ലാത്ത രോഗങ്ങൾ ബാധിച്ചവരെ ചികിത്സയ്‌ക്ക്‌ കർണാടകത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആംബുലൻസിൽ വരുന്ന രോഗികൾ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ കൊണ്ടുപോകണം. ഏത്‌ ആശുപത്രിയിലേക്കെന്ന്‌ പറയണം. കർണാടകത്തിന്റെ മെഡിക്കൽ സംഘം തലപ്പാടി ചെക്ക്‌പോസ്റ്റിലുണ്ടാകും. അവർ പരിശോധിച്ചശേഷം കടത്തിവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടക അതിർത്തി മണ്ണിട്ട്‌ അടച്ചതിനാൽ കാസർകോട്‌ ജില്ലയിൽനിന്നുള്ള ഡയാലിസിസ്‌ രോഗികളുടെ ചികിത്സയടക്കം മുടങ്ങി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു. ഒന്നിലേറെ തവണ കത്തയച്ചു.  ഹൈക്കോടതിയും സുപ്രീംകോടതിയും നിലപാട്‌ തിരുത്താൻ കർണാടകത്തോട്‌ ആവശ്യപ്പെട്ടു. ഏതാനും രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു. കർണാടക, തമിഴ്‌നാട്‌ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള രോഗികൾക്ക്‌ വയനാട്‌ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയ്‌ക്ക്‌ എത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കർണാടകത്തിലെ ബൈരക്കുപ്പ, മച്ചു, തമിഴ്‌നാട്ടിലെ പന്തല്ലൂർ, ഗൂഢല്ലൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ ചികിത്സയ്‌ക്കായി വരുന്നത്‌. ഇതാണ്‌ കേരളത്തിന്റെ നിലപാട്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട്‌ മെഡിക്കൽ കോളേജ്‌ കോവിഡ്‌ ആശുപത്രിയായി തിങ്കളാഴ്‌ചമുതൽ പ്രവർത്തനം ആരംഭിച്ചു. നാല്‌ ദിവസംകൊണ്ടാണ്‌ സൗകര്യമൊരുക്കിയത്‌.

ആദ്യഘട്ടത്തിൽ 200 കിടക്കയും പത്ത്‌ ഐസിയു കിടക്കയുമാണുള്ളത്‌. 100 കിടക്കയും പത്ത്‌ ഐസിയു കിടക്കയും ഉടൻ സജ്ജമാക്കും. ഏഴ്‌ കോടിയുടെ അത്യാധുനിക സംവിധാനം ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ സൗകര്യമൊരുക്കാൻ കെഎസ്‌ഇബി 10 കോടി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top