04 April Saturday

ലോക്‌സഭയിൽ കോൺഗ്രസ്‌–ബിജെപി കൈയാങ്കളി; രാഹുലിനെതിരെ ഹർഷവർധൻ

സ്വന്തം ലേഖകൻUpdated: Friday Feb 7, 2020

ന്യൂഡൽഹി >  രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രമന്ത്രി ഹർഷവർധന്റെ പ്രസ്‌താവനയുടെപേരിൽ കോൺഗ്രസ്‌, ബിജെപി എംപിമാർ കൈയാങ്കളിയിലെത്തിയതോടെ ലോക്‌സഭ വെള്ളിയാഴ്‌ച സ്‌തംഭിച്ചു. ചോദ്യോത്തരവേളയിലായിരുന്നു അനിഷ്ടസംഭവങ്ങൾ. വയനാട്‌ മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന്‌ മറുപടി നൽകാനായി എണീറ്റപ്പോഴാണ്‌ ഹർഷവർധന്റെ വിവാദ പ്രസ്‌താവന.

മറുപടി പറയുന്നതിനുമുമ്പ്‌ പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ പരാമർശങ്ങളെക്കുറിച്ച്‌ ചിലത്‌ പറയാനുണ്ടെന്ന്‌ ഹർഷവർധൻ പറഞ്ഞു. തുടർന്ന്‌ എഴുതി തയ്യാറാക്കിയ പ്രസ്‌താവന അദ്ദേഹം വായിച്ചുതുടങ്ങി. തൊഴിൽ വാഗ്‌ദാനങ്ങൾ പാലിക്കാത്ത പ്രധാനമന്ത്രിയെ രാജ്യത്തെ യുവാക്കൾ അടിച്ചോടിക്കുമെന്ന രാഹുലിന്റെ പരാമർശത്തെ അപലപിക്കുന്നതായി ഹർഷവർധൻ പറഞ്ഞു. ചോദ്യത്തിന്‌ മറുപടി നൽകാതെ മന്ത്രി  വായന തുടർന്നതോടെ കോൺഗ്രസംഗങ്ങൾ പ്രതിഷേധിച്ചു.

 ചോദ്യത്തിന്‌ ഉത്തരം നൽകാൻ സ്‌പീക്കറും നിർദേശിച്ചെങ്കിലും മന്ത്രി രാഹുലിനെതിരായ പ്രസ്‌താവന തുടർന്നു. ഈ ഘട്ടത്തിൽ കോൺഗ്രസ്‌ എംപി മാണിക്കം ടാഗോർ മന്ത്രിയുടെ സമീപത്തേക്ക്‌ പാഞ്ഞെത്തി അസംബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ടാഗോറിനെ ബിജെപിയുടെ ബ്രിജ്‌ഭൂഷൺ സിങ്‌ തള്ളിമാറ്റി. തുടർന്ന്‌, അംഗങ്ങൾ  ഉന്തുംതള്ളുമായി. ബഹളത്തിനിടയിലും ഹർഷവർധൻ വായന തുടർന്നു.  ബഹളത്തോടെ സ്‌പീക്കർ പകൽ ഒന്നുവരെ സഭ നിർത്തി. വീണ്ടും ചേർന്നപ്പോൾ കോൺഗ്രസും ബിജെപിയും പരസ്‌പരം മാപ്പുപറച്ചിൽ ആവശ്യപ്പെട്ടു. രണ്ടിന്‌ ചേർന്നപ്പോഴും സ്ഥിതി ശാന്തമായില്ല. പിന്നീട്‌ തിങ്കളാഴ്‌ച ചേരാനായി പിരിഞ്ഞു.

ആക്രമിക്കാൻ കോൺഗ്രസ്‌ എംപി ശ്രമിച്ചതായി ഹർഷവർധൻ പറഞ്ഞു. പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നെന്നും ബിജെപി എംപി കൈയേറ്റം ചെയ്‌തുവെന്നും മാണിക്കം ടാഗോർ പ്രതികരിച്ചു. സഭയിൽ താൻ സംസാരിക്കുന്നത്‌ ബിജെപി ഇഷ്ടപ്പെടുന്നില്ലെന്നും പുറത്തുപറഞ്ഞ കാര്യങ്ങളോട്‌ മന്ത്രി സഭയിൽ പ്രതികരിക്കേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top