Deshabhimani

ചതിയുടെ 32 വര്‍ഷം ; സംഘപരിവാറുകാർ ബാബ്റി മസ്‌ജിദ്‌ 
തച്ചുതകർത്തത്‌ 1992 ഡിസംബർ 6ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 02:52 AM | 0 min read

ന്യൂഡൽഹി > ഇന്ത്യയെന്ന മതനിരപേക്ഷ രാഷ്‌ട്രത്തിന്റെ ഹൃദയത്തിലേറ്റ ഏറ്റവും വലിയ മുറിവിന്‌ വെള്ളിയാഴ്‌ച 32 വർഷം തികയുന്നു. 1992 ഡിസംബർ ആറിനാണ്‌ സംഘപരിവാറുകാർ അയോധ്യയിലെ ബാബ്റി മസ്‌ജിദ്‌ തച്ചുതകർത്തത്‌. ഇതിന്‌ ബിജെപിയും കോൺഗ്രസും തുല്യഉത്തരവാദികളാണ്‌. രാജീവ്‌ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ൽ പൂജ നടത്താൻ മസ്‌ജിദ് തുറന്നുകൊടുത്തു.

1989ൽ ശിലാന്യാസം നടത്താൻ വിഎച്ച്‌പിക്ക്‌ അനുമതി നൽകി. 1989ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണം കോൺഗ്രസ്‌ ആരംഭിച്ചതും അയോധ്യയിൽ നിന്ന്‌. ഇതുകൊണ്ടാന്നും ബൊഫോഴ്‌സ്‌ അഴിമതിക്കേസിന്റെ ആഘാതം ചെറുക്കാൻ രാജീവിന്‌ കഴിഞ്ഞില്ല. അധികാരത്തിൽ വന്ന വി പി സിങ്‌ സർക്കാർ മസ്‌ജിദ്‌ സംരക്ഷിക്കാനും സമീപം‌ അമ്പലം പണിയാനുമുള്ള ഓർഡിനൻസ്‌ കൊണ്ടുവന്നു. കോൺഗ്രസും ബിജെപിയും എതിർത്തതിനാൽ ശ്രമം വിജയിച്ചില്ല. 

തർക്കം പരിഹരിക്കാൻ രാജീവിന്‌ അവസരങ്ങളുണ്ടായിരുന്നുവെന്ന്‌ അക്കാലത്ത്‌ ആഭ്യന്തരസെക്രട്ടറിയായിരുന്ന മാധവ്‌ ഗൊഡ്‌ബൊളെ എഴുതിയ ‘രാംമന്ദിർ–- ബാബറി മസ്‌ജിദ്‌ ഡിലെമ: ആൻ ആസിഡ്‌ ടെസ്റ്റ്‌ ഫോർ ഇന്ത്യാസ്‌ കോൺസ്റ്റിറ്റ്യൂഷൻ’ എന്ന പുസ്‌തകത്തിൽ  വിശദീകരിക്കുന്നു. ബാബറി മസ്‌ജിദ്‌ ആക്ഷൻ കമ്മിറ്റിയംഗം സയീദ്‌ ഷഹാബുദ്ദീനും കരൺ സിങ്ങും മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക്‌ ചെവികൊടുക്കാനും രാജീവ്‌ തയാറായില്ല.

എൽ കെ അദ്വാനി നടത്തിയ രക്തപങ്കിലമായ രഥയാത്രകൾ രാജ്യവ്യാപകമായി വർഗീയധ്രുവീകരണം വളർത്തി. 1991ൽ  നരസിംഹറാവു സർക്കാർ അധികാരത്തിൽ വന്നെങ്കിലും ബിജെപി നേതൃത്വം കർസേവയുമായി മുന്നോട്ടുപോയി. മസ്‌ജിദ്‌ സംരക്ഷിക്കാൻ ശക്തമായ നടപടി വേണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻസിങ് സുർജിത് ദേശീയോദ്ഗ്രഥന കൗൺസിലിൽ ആവശ്യപ്പെട്ടു. മസ്‌ജിദ്‌ സംരക്ഷിക്കുമെന്ന്‌ റാവുസർക്കാർ സുപ്രീംകോടതിയിലടക്കം ഉറപ്പുനൽകിയെങ്കിലും വാക്കുപാലിച്ചില്ല. കേന്ദ്രസേനകളെയടക്കം നോക്കുകുത്തികളാക്കി 1992 ഡിസംബർ ആറിന്‌ സംഘപരിവാറുകാർ മസ്‌ജിദ്‌ തകർത്തു.

ഇതോടെ ന്യൂനപക്ഷങ്ങളിൽ ഭീതി ഉടലെടുത്തു. ഭൂരിപക്ഷ വർഗീയതയുടെ കടന്നാക്രമണം ന്യൂനപക്ഷവർഗീയതയും മതമൗലികവാദവും വളരാനും വഴിയൊരുക്കി. ബാബ്‌റി മസ്‌ജിദ്‌ നിന്നിടത്ത്‌ സുപ്രീംകോടതി നിർദേശിച്ചപ്രകാരം രാമക്ഷേത്രം നിർമിച്ചു. പുതിയ മസ്‌ജിദ്‌ പണിയണമെന്ന നിർദേശത്തിൽ നടപടികൾ ഒരിടത്തും എത്തിയിട്ടില്ല. സർക്കാർ ഇതിനായി നിയോഗിച്ച സമിതി മസ്‌ജിദ്‌ നിർമാണത്തിൽ താൽപര്യം കാട്ടുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി.
 



deshabhimani section

Related News

0 comments
Sort by

Home