23 September Wednesday

ഒക്‌ടോബർ 12 മുതൽ അനിശ്ചിതകാല പണിമുടക്ക്; പ്രതിരോധനിർമാണം സ്തംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


ന്യൂഡൽഹി
രാജ്യത്ത് ആകെയുള്ള 41 പ്രതിരോധനിർമാണ ഫാക്ടറിയിലെ തൊഴിലാളികൾ ഒന്നടങ്കം ഒക്ടോബർ 12 മുതൽ അനിശ്ചിതകാല പണിമുടക്ക്‌ പ്രഖ്യാപിച്ചു. പ്രതിരോധനിർമാണ ഫാക്ടറികളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരായ പ്രക്ഷോഭത്തില്‍ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസും അണിചേരും. ഓൾ ഇന്ത്യ ഡിഫൻസ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (എഐഡിഇഎഫ്‌), ഇന്ത്യൻ നാഷണൽ ഡിഫൻസ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ (ഐഎൻഡിഡബ്ല്യുഎഫ്‌),  ഭാരതീയ പ്രതിരക്ഷ മസ്‌ദൂർ സംഘ്‌ (ബിപിഎംഎസ്‌) എന്നീ സംഘടനകൾ സംയുക്തമായാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌. ദേശസുരക്ഷയ്‌ക്കും രാജ്യതാൽപ്പര്യത്തിനും വിരുദ്ധമാണ്‌ കേന്ദ്രനടപടിയെന്ന് സംഘടനകൾ മുന്നറിയിപ്പ് നല്‍കി.

പ്രതിരോധനിർമാണ ഫാക്ടറികളെ കോർപറേറ്റുവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഫാക്ടറികളുടെ സുതാര്യത, കാര്യക്ഷമത, ഉൽപ്പാദനക്ഷമത എന്നിവ വർധിപ്പിക്കാൻ നടപടി നിര്‍ദേശിക്കാന്‍  വിദഗ്‌ധ സമിതിയെ നിയോഗിക്കുക, ഓർഡിനൻസ്‌ ഫാക്ടറി ബോർഡിനെ മാറ്റിമറിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം. 

കേന്ദ്രസർക്കാരുകളും പ്രതിരോധമന്ത്രിമാരും നൽകിയ ഉറപ്പുകൾക്കും പ്രതിരോധ നിർമാണ സെക്രട്ടറിയുമായി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾക്കും വിരുദ്ധമാണ്‌ കേന്ദ്രനടപടി. മേയിൽ ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായാണ്‌ സ്വകാര്യവൽക്കരണ പദ്ധതി പ്രഖ്യാപിച്ചത്‌. പ്രതിരോധമേഖലയിൽ വിദേശനിക്ഷേപം  74 ശതമാനമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിന്‌ ശരിയായ തീരുമാനമെടുക്കാൻ ഒമ്പത്‌ ആഴ്‌ചമുമ്പ്‌ പണിമുടക്ക് നോട്ടീസ്‌ നൽകിയെന്നും സംഘടനകൾ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top