22 October Tuesday

ഉന്നാവ്‌ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു ; ചികിത്സയ്‌ക്ക്‌ അഞ്ചംഗ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


ന്യൂഡൽഹി
വാഹനാപകടത്തിൽ പരിക്കേറ്റ്‌ ഡൽഹി എയിംസിൽ ചികിത്സയിലുള്ള ഉന്നാവ്​ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ചികിത്സയ്‌ക്ക്‌ അഞ്ച്‌ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി എയിംസ്‌ അറിയിച്ചു. ട്രോമ കെയർ സെന്ററിലുള്ള പെൺകുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്‌. രക്തസമ്മർദം  മരുന്നുകളിലൂടെ നിയന്ത്രിക്കുകയാണ്‌. എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിയുടെ അഭിഭാഷകന്റെ നില ഗുരുതരമാണെങ്കിലും സ്ഥിരത കൈവരിച്ചു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ്‌  ലഖ്‌നൗവിലെ കിങ്‌ ജോർജ്‌ ആശുപത്രിയിൽനിന്ന്‌ വിമാനമാർഗം തിങ്കളാഴ്‌ച രാത്രി ഡൽഹി എയിംസിലേക്ക്‌ പെൺകുട്ടിയെയും അഭിഭാഷകനെയും എത്തിച്ചത്‌.

തിങ്കളാഴ്‌ച രാത്രി രൂപീകരിച്ച അഞ്ചംഗ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌ പെൺകുട്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്‌. പ്രൊഫ. അൻജാൻ ത്രിഖ (അനസ്‌തേഷ്യ), പ്രൊഫ. വിവേക്‌ ത്രിഖ (ഓർത്തോപീഡിക്‌സ്‌), പ്രൊഫ. സുഷമ സാഗർ (ട്രോമ സർജറി), അസിസ്റ്റന്റ്‌ പ്രൊഫ. റിച്ച (തീവ്ര പരിചരണം), അസിസ്റ്റന്റ്‌ പ്രൊഫ. കരൺ മദൻ (റെസ്‌പിറേറ്ററി മെഡിസിൻ) എന്നിവരാണ്‌ സംഘാംഗങ്ങൾ. ഡൽഹി വിമാനത്താവള റൺവേമുതൽ ഇരുവരുടെയും ഉത്തരവാദിത്തം ഡൽഹി എയിംസിനാണെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിരുന്നു. വിമാനത്താവളത്തിൽനിന്ന്‌ ഡൽഹി പൊലീസ്‌ ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെയാണ്‌ പെൺകുട്ടിയെ എയിംസിൽ എത്തിച്ചത്‌.

നമ്പർ പ്ലേറ്റ്‌ മറച്ച ട്രക്ക്‌ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക്‌ പാഞ്ഞുകയറുകയായിരുന്നു. കഴിഞ്ഞ 30നുണ്ടായ അപകടത്തിൽ കുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടു. പെൺകുട്ടിയെ ബലാത്സം​ഗംചെയ്‌ത കേസിൽ അറസ്റ്റിലായ മുഖ്യ പ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സെംഗാറിനെ തിഹാർ ജയിലിലേക്ക്‌ മാറ്റിയിരുന്നു.

ഉന്നാവ്‌: യുപി സർക്കാരിന്‌ വനിതാ കമീഷന്റെ വിമർശനം
ന്യൂഡൽഹി
ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടി അപകടത്തിൽപ്പെട്ടശേഷം വിദഗ്‌ധ ചികിത്സയ്‌ക്ക്‌ ഡൽഹി എയിംസിൽ എത്തിക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ വൈകിയെന്ന്‌ ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ. സുപ്രീംകോടതി ഇടപെടുംമുമ്പ്‌ ഡൽഹിയിലെത്തിക്കാൻ യുപി സർക്കാർ തയ്യാറായില്ല. ലഖ്‌നൗ കിങ്‌ ജോർജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടിയെ ഒരിക്കൽപ്പോലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ സന്ദർശിച്ചില്ലെന്നും സ്വാതി പറഞ്ഞു. ബിജെപി എംഎൽഎ കുൽദീപ്‌ സെൻഗാറിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ എയിംസിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു സ്വാതി.
പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായും സ്വാതി സംസാരിച്ചു. കുട്ടിയുടെ അമ്മ വലിയ ആശങ്കയിലാണ്‌. വനിതാ കമീഷൻ അംഗങ്ങൾ 24 മണിക്കൂറായി കുടുംബത്തിനൊപ്പം ഉണ്ടെന്നും എല്ലാ സഹായവും തുടരുമെന്നും സ്വാതി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top