22 August Thursday

ആഭ്യന്തരസമിതിക്കെതിരെ സിറ്റിങ് ജഡ‌്ജിമാർ രംഗത്ത‌് ; വാർത്ത നിഷേധിച്ച‌് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

ന്യൂഡൽഹി
സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ  അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള ആഭ്യന്തരസമിതിക്കെതിരെ രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ രംഗത്ത‌്. ജസ‌്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌് എന്നിവർ ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ നേതൃത്വം നൽകുന്ന സമിതിയെ സമീപിച്ച‌് അതൃപ‌്തി അറിയിച്ചതായി ഇന്ത്യൻഎക‌്സ‌്പ്രസ‌് റിപ്പോർട്ട‌് ചെയ‌്തു.

എന്നാൽ, റിപ്പോർട്ട‌് അടിസ്ഥാനരഹിതമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ ഞായറാഴ‌്ച വൈകിട്ട‌് പ്രസ‌്താവനയിൽ പറഞ്ഞു. ആഭ്യന്തരസമിതിയിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ അന്വേഷണവുമായി സഹകരിക്കില്ലെന്ന‌് പരാതിക്കാരി അറിയിച്ചിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന‌് ആഭ്യന്തരസമിതി നിലപാട‌് വ്യക്തമാക്കി. സമിതിയുടെ ഈ തീരുമാനത്തെ നിയമവൃത്തത്തിന‌് അകത്തും പുറത്തുമുള്ളവർ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ‌് രണ്ട‌് സിറ്റിങ് ജഡ‌്ജിമാർ അതൃപ‌്തി അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത‌്.

ഇത്തരം നടപടി സുപ്രീംകോടതിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും എന്നായിരുന്നു രണ്ട‌്‌ ജഡ‌്ജിമാരുടെയും വിശദീകരണം. വ്യാഴാഴ‌്ച ഇക്കാര്യം ചൂണ്ടിക്കാട്ടി ജ‌സ‌്റ്റിസ‌് ചന്ദ്രചൂഡ‌് സമിതിക്ക‌് കത്ത‌് കൈമാറിയതായും മാധ്യമ റിപ്പോർട്ടിലുണ്ട‌്. എന്നാൽ, വാർത്ത അടിസ്ഥാനരഹിതവും ദൗർഭാഗ്യകരവുമാണെന്ന‌് സുപ്രീംകോടതി സെക്രട്ടറി ജനറൽ  പ്രതികരിച്ചു.  ജസ‌്റ്റിസുമാരായ ആർ എഫ‌് നരിമാനും ഡി വൈ ചന്ദ്രചൂഡും ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനായ സമിതിയുമായി കൂടിക്കാഴ‌്ച നടത്തിയിട്ടില്ല. 

ചീഫ‌്‌ ജസ‌്റ്റിസിന‌് എതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സമിതി സ്വന്തം നിലയ‌്ക്ക‌് എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ‌് പ്രവർത്തിക്കുന്നത‌്. മറ്റ‌് ജഡ‌്ജിമാരുടെ അഭിപ്രായം തേടാറില്ലെന്നും സെക്രട്ടറി ജനറൽ പ്രസ‌്താവനയിൽ പറഞ്ഞു. എന്നാൽ, അതൃപ‌്തി പ്രകടിപ്പിച്ച‌് ജസ‌്റ്റിസ‌് ചന്ദ്രചൂഡ‌് സമിതിക്ക‌് കത്ത‌് നൽകിയെന്ന പരാമർശത്തെക്കുറിച്ച‌് സെക്രട്ടറി ജനറൽ വിശദീകരിച്ചിട്ടില്ലെന്നത‌് ശ്രദ്ധേയമാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top