19 September Saturday

രാഷ്ട്രീയപരിപാടിയായി ഭൂമിപൂജ ; കര്‍സേവ സ്വാതന്ത്ര്യ പോരാട്ടമാക്കി മോഡി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

മാസ്‌ക്‌ ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയും രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം ആഘോഷിക്കുന്നവർ ഫോട്ടോ: പിടിഐ


ന്യൂഡൽഹി
ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ പദ്ധതിക്ക്‌ ഇനി ഗതിവേഗമേറും. രഹസ്യഅജൻഡയുടെ കാലം കഴിഞ്ഞു. രാമക്ഷേത്രം ഇന്ത്യൻ സംസ്‌കാരത്തിന്റെയും ശാശ്വതവിശ്വാസത്തിന്റെയും ദേശീയബോധത്തിന്റെയും പ്രതീകമാണെന്ന്‌ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിന്‌ അടിവരയിട്ടു.

ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും വെട്ടിമുറിക്കുകയും ചെയ്‌തതിന്റെ വാർഷികദിനത്തിലാണ് പ്രചണ്ഡമായ മാധ്യമപ്രചാരണത്തിന്റെ അകമ്പടിയിൽ‌ മോഡിയും യോഗി ആദിത്യനാഥും മോഹൻ ഭാഗവതും ചേർന്ന്‌ രാമക്ഷേത്രത്തിന്‌ ശിലയിട്ടത്‌. മസ്‌ജിദ്‌ തകർത്ത കേസിലെ പ്രതികളെ ആദരിക്കുന്ന ചടങ്ങു‌കൂടിയായി ഇത്‌ മാറി. കേസ്‌ പ്രത്യേക സിബിഐ കോടതിയിൽ വിചാരണ തുടരുകയാണ്‌. മസ്‌ജിദ്‌ തകർത്തത്‌ കുറ്റകരമായ പ്രവൃത്തിയാണെന്നു‌ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇതിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമരസേനാനികൾക്കു‌ തുല്യരായി വാഴ്‌ത്തുകയാണ്‌ പ്രധാനമന്ത്രി ചെയ്‌തത്‌. സ്വാതന്ത്ര്യസമരത്തിൽനിന്നു‌ ഒളിച്ചോടിയവർ പുതിയ ചരിത്രം ചമയ്‌ക്കുകയാണ്‌. രാമക്ഷേത്ര നിർമാണത്തിന്‌ തുടക്കംകുറിച്ച നാളിനെ സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 15നോടാണ്‌ പ്രധാനമന്ത്രി ഉപമിച്ചത്‌.

സംഘപരിവാറിനുവേണ്ടി സംഘപരിവാർ നിർമിക്കുന്ന ക്ഷേത്രത്തെ ഇന്ത്യൻ ക്ഷേത്രമായി വിശേഷിപ്പിച്ചത് പ്രധാനമന്ത്രി വിഭാവന ചെയ്യുന്ന ‘പുതിയ ഇന്ത്യ’യുടെ സ്വഭാവം വ്യക്തമാക്കുന്നു. രാമക്ഷേത്ര നിർമാണം 35 വർഷം മുമ്പുമാത്രം ഉയർന്ന ആവശ്യമാണ്‌. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആവശ്യം എന്നാണ്‌ പ്രധാനമന്ത്രി വ്യാഖ്യാനിച്ചത്‌. ബിജെപി വൻനേട്ടം കൊയ്‌ത 2019ലെ തെരഞ്ഞെടുപ്പിൽപോലും ലഭിച്ചത്‌ 37 ശതമാനം വോട്ടാണ്‌. മൊത്തം ഇന്ത്യക്കാരുടെയും അവകാശികളായി മാറിയെന്ന മട്ടിലാണ് മോ‍‍ഡിയു‌ടെ പ്രഖ്യാപനം.

മതേതരത്വത്തെ വെല്ലുവിളിക്കുന്നു: ഐഎൻഎൽ
അയോധ്യയിൽ രാമക്ഷേത്ര ഭൂമിപൂജക്കും ശിലാന്യാസത്തിനും പ്രധാനമന്ത്രി മോഡി നേതൃത്വംകൊടുത്തത്   മതേതര ജനാധിപത്യക്രമത്തോടുള്ള വെല്ലുവിളിയാണെന്ന്‌ ഐഎൻഎൽ അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫ. മുഹമ്മദ് സുലൈമാൻ.
അയോധ്യയിൽ ഉയരുന്നത് ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള രാമക്ഷേത്രമാണ്. ഇത് തിരിച്ചറിയാനും രാജ്യത്തെ മതേതര മൂല്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനും മതേതര വിശ്വാസികൾ തയാറാകണം. രാജ്യത്തിന്റെ ഐക്യവും ജനങ്ങൾ തമ്മിലുള്ള പാരസ്പര്യവും നിലനിർത്താൻ എല്ലാ വിഭാഗങ്ങളും അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top