20 February Wednesday

തെരഞ്ഞെടുപ്പ് പരിഷ്കാരം: സിപിഐ എം രാഷ്ട്രീയകക്ഷികളുടെ യോഗം വിളിക്കും

സ്വന്തം ലേഖകൻUpdated: Sunday Aug 5, 2018

ന്യൂഡൽഹി > തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ അടിയന്തരമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ‐സംസ്ഥാന തലത്തിൽ രാഷ്ട്രീയപാർടികളുടെ യോഗം വിളിച്ചുചേർക്കാൻ സിപിഐ എം പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തിയശേഷമാകും യോഗം വിളിക്കുക. ലോക്സഭ‐നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുകയെന്ന നിർദേശത്തെ പിബി തള്ളി. ബിജെപി സർക്കാർ താൽപ്പര്യമെടുത്തുള്ള ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പിബി വിലയിരുത്തി.

തെരഞ്ഞെടുപ്പുരംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുഫണ്ടിങ്, അഴിമതി, കോർപറേറ്റ് നിയന്ത്രണം, ആനുപാതിക പ്രാതിനിധ്യം, തെരഞ്ഞെടുപ്പ് ഏജൻസികളുടെ നിഷ്പക്ഷ‐സ്വതന്ത്ര സ്വഭാവം, മാധ്യമങ്ങളുടെ പങ്ക് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും സ്പർശിക്കുന്നതാകണം പരിഷ്കരണം. മോഡിസർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പുബോണ്ട് സമ്പ്രദായവും വിദേശഫണ്ട് സ്വീകരിക്കാനാകുംവിധം ധനബില്ലിലൂടെ വിദേശസംഭാവന നിയന്ത്രണനിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയും രാഷ്ട്രീയസംഭാവനകളുടെ പരിധി എടുത്തുകളഞ്ഞുള്ള കമ്പനിനിയമത്തിലെ ഭേദഗതിയും പിൻവലിക്കണം.

എല്ലാ വോട്ടിങ് യന്ത്രങ്ങളിലും പേപ്പർ ട്രെയിൽ സംവിധാനമുണ്ടാകണം. എന്നാൽ, 20 ശതമാനത്തിലേ സാധ്യമാകൂവെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ ആദ്യം പറഞ്ഞത്. പിന്നീടത് പത്ത‌് ശതമാനമെന്ന നിലയിലേക്ക് മാറ്റി. ഇപ്പോൾ ഒരു മണ്ഡലത്തിൽ ഒരു ബൂത്ത് എന്നതരത്തിലാണ് കാര്യങ്ങൾ. ഇത്തരം ഗൗരവമുള്ള കാര്യങ്ങൾ സജീവമായി ചർച്ചയാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കണമെന്ന് എല്ലാ മുൻ തെരഞ്ഞെടുപ്പ് കമീഷണർമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു രാഷ്ട്രീയപാർടികളുമായി ഇത്തരം വിഷയങ്ങളിൽ ചർച്ച നടത്തും‐ യെച്ചൂരി പറഞ്ഞു.

കരട‌് പൗരത്വ പട്ടിക പുറത്തുവന്നതിനെ തുടർന്നുള്ള അസമിലെ സാഹചര്യങ്ങൾ പിബി വിലയിരുത്തി. പട്ടികയിൽ ഉൾപ്പെടാത്ത 40 ലക്ഷം പേരും അനധികൃത കുടിയേറ്റക്കാരാണെന്ന ബിജെപി അധ്യക്ഷന്റെ പരാമർശത്തെ പിബി അപലപിച്ചു. ഇത്തരം നിരുത്തരവാദ പ്രസ്താവനകൾ ഇപ്പോൾത്തന്നെ അവഹേളനം നേരിടുന്ന ജനങ്ങളുടെ ഭയവും ആശങ്കയും വർധിപ്പിക്കുകയേയുള്ളൂ.

റേഷൻ കാർഡടക്കമുള്ള അനുബന്ധരേഖകളടക്കം പഞ്ചായത്ത് സർട്ടിഫിക്കറ്റ് സമർപ്പിച്ച വലിയൊരു വിഭാഗം സ്ത്രീകൾ പട്ടികയ്ക്കു പുറത്താണ്. പഞ്ചായത്ത് സർട്ടിഫിക്കറ്റ് പരിഗണിക്കണമെന്ന് സുപ്രീംകോടതിയടക്കം പറഞ്ഞിരുന്നതാണ്. ഒരു കുടുംബത്തിലെ ചിലർ ഉൾപ്പെടുകയും ചിലർ പുറത്താവുകയും ചെയ്ത ആശ്ചര്യ സംഭവങ്ങളുമുണ്ട്. എല്ലാ പരാതികളും ഗൗരവമായി പരിഗണിച്ച് പിഴവുകൾ തിരുത്തണം. പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം. ഒരു ഇന്ത്യക്കാരനുപോലും പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തണം. സംഭവത്തെ വർഗീയവൽക്കരിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഉപദേശീയതാവികാരം ഇളക്കിവിടാനാണ് തൃണമൂൽശ്രമം.

നിർദിഷ്ട ഉന്നതവിദ്യാഭ്യാസ കമീഷനെതിരായി വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ധൈഷണികരും അധ്യാപകരും വിദ്യാർഥികളും മറ്റു ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും വിശാലമായ ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കണമെന്ന് പിബി ആഹ്വാനം ചെയ്തു.

കഴിഞ്ഞ നാലുവർഷമായി പൊതുഫണ്ടോടെയുള്ള ഉന്നതവിദ്യാഭ്യാസ‐ഗവേഷണ മേഖലയെ എൻഡിഎ സർക്കാർ തുടർച്ചയായി ലക്ഷ്യംവയ്ക്കുകയാണ്. ആഭ്യന്തര സ്രോതസ്സുകളിലൂടെയും വായ്പകളിലൂടെയും മറ്റും ഫണ്ട് കണ്ടെത്താൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയാണ്. മാത്രമല്ല എംഫിൽ, പിഎച്ച്ഡി സീറ്റുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുള്ളതാണ് എൻഡിഎയുടെ ഉന്നതവിദ്യാഭ്യാസ പരിഷ്കാരനീക്കം‐ പിബി വിലിയിരുത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top