11 August Tuesday

ഡൽഹി കലാപം : ‘മുസ്ലിങ്ങളെ കൊലപ്പെടുത്തി, മൃതദേഹങ്ങൾ ഓടയിലിടുന്നത്‌ കണ്ടു‌’ ; സാക്ഷിമൊഴി

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപനാളുകളിൽ അക്രമികൾ മുസ്ലിങ്ങളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ ഓടയിലിടുന്നത്‌ കണ്ടെന്ന്‌ സാക്ഷിമൊഴി. കലാപം കത്തിപ്പടർന്ന ഫെബ്രുവരി 26‌ രാത്രി പത്തിന്‌ പൊലീസ്‌ കൺട്രോൾ റൂമിൽ വിളിച്ച്‌ സഹായം തേടിയ ആളാണ്‌ നിഷ്‌ഠുരമായ കൊലപാതകങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചത്‌. ഗംഗാവിഹാർ സ്വദേശിയായ സാക്ഷിയുടെ മൊഴിയാണ്‌  മൂന്ന്‌ മുസ്ലിം ചെറുപ്പക്കാർ കൊല്ലപ്പെട്ട കേസിലെ നിർണായക തെളിവ്‌.

ഫെബ്രുവരി 24ന്‌ സംഘർഷത്തിനിടെ സ്വന്തം ബൈക്ക്‌ കാണാതായതിനെ തുടർന്ന്‌‌ ഗംഗാവിഹാർ സ്വദേശിയായ സാക്ഷി ഗോകൽപുരി പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാൻ എത്തി‌. അന്ന്‌ തിരക്കായതിനാൽ പിറ്റേന്ന്‌ ‌പരാതി നൽകാൻ പൊലീസ്‌ നിർദേശിച്ചു. പിറ്റേന്ന്‌ വൈകിട്ട്‌ പരാതി നൽകി മടങ്ങുമ്പോൾ വലിയ സംഘർഷങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചെന്നാണ്‌ മൊഴി. ‘‘കല്ലും ഇരുമ്പുവടിയും ദണ്ഡുകളുമായി ഒരു സംഘം ആളുകൾ ജോഫ്രിപുർ പുലിയ ഭാഗത്ത്‌ സംഘടിക്കുന്നത്‌‌ കണ്ടു. അവർ ജയ്‌ ‌ശ്രീറാം, ഹര ഹര മഹാദേവ്‌ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. വഴിപോക്കർ മുസ്ലിമുകളാണെന്ന്‌ മനസ്സിലാക്കിയാൽ സംഘം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തും. മൃതദേഹങ്ങൾ ഓടയിലിടും’’–- മൊഴിയിൽ പറഞ്ഞു. ഫെബ്രുവരി 26ന്‌ കാണാതായ ബൈക്ക്‌ അന്വേഷിച്ച്‌ ഇയാൾ ഭാഗീരഥിവിഹാർ ഭാഗത്തേക്കും പോയിരുന്നു. വൈകിട്ട്‌ 9.30യോടെ അവിടെയും നിഷ്‌ഠുരമായ കൊലപാതകങ്ങൾക്ക്‌ സാക്ഷിയായി.


 

‘‘ആദ്യം ആ വഴി വന്ന ചെറുപ്പക്കാരനെ അക്രമികൾ തടഞ്ഞു. അയാൾ മുസ്ലിമാണെന്ന്‌ മനസ്സിലായതോടെ വകവരുത്തി. മൃതദേഹം ഓടയിൽ തള്ളി. പിന്നീട്‌ ബൈക്കിൽ വന്ന രണ്ട്‌ ചെറുപ്പക്കാരെ കൂടി അക്രമികൾ കൊലപ്പെടുത്തി’’–- സാക്ഷി മൊഴിയിൽ വിവരിച്ചു. അക്രമികളിൽ ചിലരെ സാക്ഷിക്ക്‌ കണ്ടുപരിചയമുണ്ടായിരുന്നു. കൂടുതൽ കൊലപാതകങ്ങൾ ഒഴിവാക്കാനാണ്‌‌ ഇയാൾ രണ്ട്‌ പ്രാവശ്യം പൊലീസ്‌ കൺട്രോൾറൂമുമായി ബന്ധപ്പെട്ടത്‌. അക്രമികൾ തീവ്ര വിദ്വേഷപ്രചാരണം നടത്തിയിരുന്ന ‘കട്ടർ ഹിന്ദുത്‌ ഏകതാ’ വാട്സാപ്‌ ഗ്രൂപ്പിന്റെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top