11 July Saturday

സാമ്പത്തിക പ്രതിസന്ധി : പുതിയ പദ്ധതികളില്ലെന്ന്‌ കേന്ദ്രം; ഉത്തരവിറങ്ങി

സാജൻ എവുജിൻUpdated: Friday Jun 5, 2020

ന്യൂഡൽഹി
സാമ്പത്തിക പ്രതിസന്ധിയിലായ കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ ഉപേക്ഷിക്കുന്നു. ധനവകുപ്പ്‌ തത്വത്തിൽ അനുമതി നൽകിയതടക്കമുള്ള പുതിയ പദ്ധതികളും ഉപപദ്ധതികളും ഈ സാമ്പത്തികവർഷം നടപ്പാക്കില്ല. നിലവിലുള്ള എല്ലാ പദ്ധതിയും വിലയിരുത്തിയശേഷംമാത്രം അവ തുടരണമോയെന്ന്‌ തീരുമാനിക്കും. കോവിഡ്‌ അടച്ചുപൂട്ടലിനെത്തുടർന്ന്‌ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത്, പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജന പാക്കേജുകൾക്കുമാത്രമാണ്‌ ഇളവ്‌. ഇക്കാര്യം വ്യക്തമാക്കി ധനമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി.

മാർച്ച്‌ 31 വരെയോ ഇനിയൊരു അറിയിപ്പുവരെയോ പുതിയ പദ്ധതികളോ ഉപപദ്ധതികളോ സംബന്ധിച്ച നിർദേശങ്ങൾ അയക്കരുതെന്ന്‌  എല്ലാ മന്ത്രാലയങ്ങളോടും ധനവ്യയവകുപ്പ്‌  ആവശ്യപ്പെട്ടു. തത്വത്തിൽ അനുമതി നൽകിയ 500 കോടിവരെ അടങ്കലുള്ള പദ്ധതികളുടെ പട്ടിക 30നകം കൈമാറണം. അവ മാർച്ച്‌ 31 വരെ നിർത്തിവയ്‌ക്കും. നടപ്പാക്കിവരുന്നവ അധികബാധ്യത വരാത്ത വിധത്തിൽ തുടരാം. 2021–-22 മുതൽ 2025–-26 വരെ നടപ്പാക്കേണ്ട പദ്ധതികൾ 15–-ാം ധനകമീഷൻ ശുപാർശകൾ നിലവിൽവന്നശേഷം സാമ്പത്തികനിലയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

അടിയന്തരസ്വഭാവമല്ലാത്ത ചെലവുകൾ പാടില്ലെന്ന്‌ ധനവ്യയവകുപ്പ്‌ നിർദേശിച്ചു. എല്ലാ ചെലവുകൾക്കും വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം.
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ച 20 ലക്ഷം കോടി പാക്കേജിൽ സർക്കാരിന്‌ അധികചെലവ്‌ രണ്ട്‌ ലക്ഷം കോടി രൂപമാത്രമാണ്‌. ബാക്കി ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ പേരും രൂപവും മാറ്റിയതാണ്‌. സാമ്പത്തികത്തകർച്ച നേരിടാൻ ജനങ്ങളുടെ കൈയിൽ കൂടുതൽ പണം എത്തിക്കണമെന്ന ആവശ്യത്തോട്‌ സർക്കാർ പുറംതിരിഞ്ഞ്‌ നിൽക്കുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top