19 November Tuesday

മഹാരാഷ്‌ട്രയിൽ കാത്തിരിക്കാന്‍ എൻസിപി, കോൺഗ്രസ്‌ ; സോണിയയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2019

ന്യൂഡൽഹി
മഹാരാഷ്ട്രയിൽ ബിജെപിയെ മുൾമുനയിലാക്കി ശിവസേന നിലപാടിൽ ഉറച്ചുനിൽക്കെ, കാത്തിരുന്നുകാണാൻ എൻസിപിയും  കോൺഗ്രസും. പ്രതിപക്ഷത്തിരിക്കാനാണ്‌  ജനവിധിയെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടശേഷം എൻസിപി അധ്യക്ഷൻ ശരദ്‌പവാർ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ മടങ്ങിവരാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ പവാർ  പ്രതികരിച്ചു. ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറെ  പിന്തുണ തേടിയിട്ടില്ല. സർക്കാർ രൂപീകരിക്കേണ്ട ഉത്തരവാദിത്തം ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ  രൂപീകരിക്കാൻ ഗവർണർ ആദ്യം ബിജെപിയെ ക്ഷണിക്കണമെന്നും ഭൂരിപക്ഷം  തെളിയിക്കുന്നതിൽ അവർ പരാജയപ്പെട്ടാൽ ശിവസേന സഭയിൽ ആ അഗ്നിപരീക്ഷ മറികടക്കുമെന്നും ശിവസേനാനേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌ മുംബൈയിൽ  പറഞ്ഞു. ഗവർണർ ഭഗത്‌സിങ്‌ കോഷിയാരിയെ കണ്ടശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു റാവത്ത്‌.

കാവല്‍ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ്‌, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായെ സന്ദര്‍ശിച്ചു. ഫലം വന്ന്‌ 11 ദിവസം കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിൽ ബിജെപി കടുത്ത നിരാശയിലാണ്‌. 288 അംഗ സഭയിൽ ബിജെപിക്ക്‌ 105 അംഗങ്ങളാണ്‌. മുഖ്യമന്ത്രിസ്ഥാനം പപ്പാതി പങ്കിടാൻ മുൻധാരണയുണ്ടെന്നും അത്‌ നടപ്പാക്കണമെന്നും ശിവസേന പറയുന്നു. അവർക്ക്‌ 56 അംഗങ്ങളാണ്‌. മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ തയ്യാറല്ലാത്ത ബിജെപി  ശിവസേനയെ പിളർത്താനും ശ്രമിക്കുന്നു.

സർക്കാർ രൂപീകരിക്കാൻ 25 ശിവസേന എംഎൽഎമാർ പിന്തുണ അറിയിച്ചെന്ന് സ്വതന്ത്ര എംഎൽഎ രവി റാണ മുംബൈയിൽ പറഞ്ഞു. ബിജെപി എംപി സഞ്‌ജയ്‌ കക്കാദേയും മുമ്പ്‌  സമാന പ്രസ്‌താവന നടത്തിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top