11 July Saturday

കത്തയച്ചാൽ രാജ്യദ്രോഹം ; ആൾക്കൂട്ടക്കൊലകളിൽ ആശങ്ക അറിയിച്ച് മോഡിക്ക് കത്തെഴുതിയവരെ വേട്ടയാടുന്നു

എം അഖിൽUpdated: Friday Oct 4, 2019


ന്യൂഡൽഹി
രാജ്യത്ത്‌ വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ച കലാകാരന്മാരും ചരിത്രകാരന്മാരുമടക്കമുള്ള 49 വിശിഷ്ട വ്യക്തികൾക്കെതിരെ ബിഹാറിൽ രാജ്യദ്രോഹക്കേസെടുത്തു. വിഖ്യാത സംവിധായകരായ  അടൂർ ഗോപാലകൃഷ്ണൻ, ശ്യാംബെനഗൽ, അപർണാസെൻ,  മണിരത്നം, അനുരാ​ഗ് കശ്യപ്,  ചരിത്രകാരൻ രാമചന്ദ്രഗുഹ, അഭിനേതാക്കളായ സൗമിത്രാചാറ്റർജി, കൊങ്കണാസെൻ ശർമ, രേവതി, സംഗീതജ്ഞ ശുഭാമുദ്‌ഗല്‍ എന്നിവരടക്കം 49 പ്രമുഖരുടെ പേരിലാണ്‌  കേസ്‌.

രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, പൊതുസമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള ​ഗുരുതര വകുപ്പുചുമത്തി മുസഫർപുർ സദർ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. തുറന്ന കത്തെഴുതി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും പ്രധാനമന്ത്രിയെ ദുർബലപ്പെടുത്താനും ശ്രമിച്ചെന്നാണ്‌  മുഖ്യആരോപണം. പ്രശസ്‌തർക്കെതിരെ സ്ഥിരംകോടതിവ്യവഹാരം നടത്താറുള്ള അഭിഭാഷകൻ സുധീർകുമാർ ഓജയുടെ പരാതിയിൽ ചീഫ്‌ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ സൂര്യകാന്ത്‌ തിവാരി കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. 

ദളിതർക്കും  മുസ്ലിങ്ങൾക്കും ന്യൂനപക്ഷവിഭാഗങ്ങൾക്കും എതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്  ജൂലൈ 23നാണ്‌ പ്രമുഖര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക്‌ അയച്ചത്. ‘ 2016ൽമാത്രം ദളിതരെ ലക്ഷ്യമിട്ട്‌ 840 അക്രമം ഉണ്ടായെന്ന ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ കണക്ക് ആശങ്കപ്പെടുത്തുന്നു. ഒമ്പതുവർഷത്തിനിടെ മതപരമായ സ്വത്വത്തെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ വർധിച്ചു. താങ്കളുടെ (മോഡിയുടെ) നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റശേഷമാണ്‌ ഇതിൽ 90 ശതമാനം അക്രമങ്ങളും.  62 ശതമാനം ഇരകളും മുസ്ലിം വിഭാഗക്കാരാണ്‌.  ‘ജയ്‌ ശ്രീറാം’ എന്ന സ്‌തോത്രം ക്രമസമാധാനപ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്ന പ്രകോപനപരമായ പോർവിളിയായി അധഃപതിച്ചതിൽ ഖേദിക്കുന്നു’–- കത്തിൽ ചൂണ്ടിക്കാട്ടി.സംവിധായകരായ കേതൻ മേഹ്‌ത, ഗൗതംഘോഷ്‌, ചരിത്രഗവേഷകരായ സുമിത്‌ സർക്കാർ, തനികാസർക്കാർ, പ്രശസ്‌ത ഡോക്ടർമാരായ തപസ്‌ റോയ്‌ ചൗധ്‌രി, ശിവാജിബസു തുടങ്ങിയവരും തുറന്നകത്തിൽ ഒപ്പിട്ടു. മലയാളത്തില്‍ നിന്നും സംവിധായിക ആഷ ആച്ചി ജോസഫ്, നടി കനി കുസൃതി തുടങ്ങിയവരും ഒപ്പിട്ടിട്ടുണ്ട്. മൻമോഹൻസിങ്, സച്ചിൻ തെണ്ടുൽക്കർ, അരവിന്ദ്‌കെജ്‌രിവാൾ, അമിതാഭ്‌ബച്ചൻ, ഐശ്വര്യ റായ്‌, വിദ്യ ബാലൻ തുടങ്ങിയവര്‍ക്ക് എതിരെയും നിസ്സാര ആരോപണങ്ങൾ ഉന്നയിച്ച്‌ സുധീർകുമാർ ഓജ കേസ് നല്കിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top