22 February Friday

ഇന്ധനവില കുതിക്കുന്നു; അനങ്ങാതെ കേന്ദ്രം

സ്വന്തം ലേഖകന്‍Updated: Tuesday Sep 4, 2018

ന്യൂഡൽഹി > ജനങ്ങളെ  അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക‌് തള്ളിവിട്ട‌് ഇന്ധനവില അനുദിനം കുതിക്കുമ്പോഴും കേന്ദ്ര സർക്കാരിന‌് കുലുക്കമില്ല.  രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ  തകർച്ചയിലേക്ക‌് തള്ളിവിടുന്ന ഇന്ധന വില വർധന പിടിച്ചുനിർത്താൻ ഒരുനീക്കവും  കേന്ദ്രസർക്കാരിന്റെ ഭാഗത്ത‌് നിന്നുണ്ടാകുന്നില്ല.  രൂപയുടെ വിലയിടിവും ഇന്ധനവില വർധനയും രൂക്ഷമായ വിലക്കയറ്റത്തിന‌് ഇടയാക്കുമ്പോഴും വിദേശത്തെ സംഭവവികാസങ്ങളാണെന്നു പറഞ്ഞ് ഒഴിയുകയാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുൾപ്പെടെ ഇക്കാര്യത്തിൽ മൗനം തുടരുകയാണ‌്. വിലക്കയറ്റം തടയാൻ പ്രതിദിന എണ്ണ ഉൽപ്പാദനത്തിൽ 10 ലക്ഷം വീപ്പയുടെ  വർധന വരുത്തുമെന്ന പ്രഖ്യാപനം എണ്ണ ഉൽപ്പാദക രാജ്യങ്ങൾ നടപ്പാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

ഡോളറിനോട് മറ്റ് കറൻസികൾ ക്ഷയിക്കുയാണെന്ന‌് പറഞ്ഞ മന്ത്രി പെട്രോളിനും ഡീസലിനുംമേൽ കുത്തനെ കൂട്ടിയ എക്‌‌‌‌‌സൈസ് തീരുവ കുറയ്‌‌ക്കുന്നതിനെക്കുറിച്ച് മൗനം പാലിച്ചു. അതിനിടെ ബാങ്ക‌് പലിശ നിരക്കുകൾ വർധിപ്പിക്കാനും  നീക്കമുണ്ട‌്. ഇത‌് സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. രൂപയുടെ വിലയിടിയുമ്പോൾ വിദേശനാണ്യ കരുതൽശേഖരം സംരക്ഷിക്കാനുള്ള ഇടപെടലുകൾ തുടരാൻ റിസർവ്ബാങ്ക് കൂടുതൽ പണം കണ്ടെത്തേണ്ടിവരും. ഇതിനായി  റിപ്പോനിരക്കുകൾ വീണ്ടും വർധിപ്പിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് എസ്ബിഐയുടെ ഗവേഷണ റിപ്പോർട്ടായ ‘എക്കോറാപ‌്' നിരീക്ഷിക്കുന്നു. റിപ്പോനിരക്കുകൾ വീണ്ടും ഉയർന്നാൽ എല്ലാ വായ്‌പകളുടെയും പലിശനിരക്ക് ഇനിയും വർധിപ്പിക്കും.

പണാവലോകന സമിതിയുടെ അടുത്ത യോഗം ഒക്ടോബർ മൂന്നുമുതൽ അഞ്ചുവരെയാണ്. ആഗസ്ത് ഒന്നിനു ചേർന്ന പണനയ അവലോകനസമിതി, പണപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തിൽ റിപ്പോനിരക്കുകൾ ഉയർത്തിയിരുന്നു. റിപ്പോ നിരക്ക‌് 6.50 ആയും  റിവേഴ്‌സ് റിപ്പോ നിരക്ക്  6.25 ശതമാനവുമായയാണ‌് ഉയർത്തിയത‌്. അഞ്ചു വർഷത്തിനിടെ തുടർച്ചയായി രണ്ടുതവണ റിപ്പോനിരക്കുകൾ ഉയർത്തുന്നത് ആദ്യമായിട്ടായിരുന്നു. നോട്ടുനിരോധനത്തിലും ജിഎസ്‌ടിയിലും ഉലഞ്ഞ വിപണിക്കുമേൽ പലിശനിരക്കുകളിലെ വർധന കടുത്ത ആഘാതമാണ്.   റിപ്പോനിരക്കുകളിലെ വർധന ആവർത്തിക്കുന്നത് ഭവന, വാഹന വായ്പ പലിശ നിരക്കുകൾ ഉയരാൻ കാരണമാകും. വായ്‌പകളോട് ജനങ്ങൾ മുഖംതിരിക്കുകയും ഉപഭോക്തൃമേഖലയിൽ മുരടിപ്പ് ഉണ്ടാക്കുകയും ചെയ്യുമെന്ന് ‘എക്കോറാപ‌്' റിപ്പോർട്ടിൽ പറയുന്നു.

കാർഷികമേഖലയിലെ പ്രതിസന്ധിയുടെയും ആഴമേറുകയാണ‌്. കാർഷികമേഖലയിലെ മൊത്തം ഉൽപ്പാദനവളർച്ച  2017‐18ലെ അവസാനപാദത്തിൽ 10.9 ശതമാനമായിരുന്നത് നടപ്പുവർഷം ആദ്യപാദത്തിൽ ഏഴ് ശതമാനമായി കുറഞ്ഞു.  നടപ്പുവർഷം ആദ്യപാദത്തിൽ നിർമാണ, നിർമിതോൽപ്പന്നമേഖലകളിൽ താരതമ്യേന ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് കഴിഞ്ഞവർഷം ഇതേ കാലയളവിൽ സ്ഥിതി തീരെ മോശമായിരുന്നതുകൊണ്ടാണ്. അതിനാൽ 2018‐19ൽ ലക്ഷ്യമിട്ട വളർച്ച കൈവരിക്കാനാവില്ല. ചെറുകിട വ്യവസായികളുടെ കിട്ടാക്കടത്തിലെ വർധന ഒരു വർഷത്തിനുള്ളിൽ ഇരട്ടിയായെന്ന്  റിസർവ്ബാങ്ക് വ്യക്തമാക്കി. 2017 മാർച്ചിൽ ചെറുകിട വ്യവസായികളുടെ കിട്ടാക്കടത്തിൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ചുണ്ടായ വർധന  8249 കോടി രൂപയായിരുന്നെങ്കിൽ 2018 മാർച്ചിൽ ഇത് 16,118 കോടിയായി പെരുകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top