25 August Sunday

ശകാരിച്ച‌് മോഡി തൃപ്തിയടഞ്ഞു; ആകാശുമാർക്ക‌് നടപടിയില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019


ന്യൂഡൽഹി 
ഉത്തരവാദിത്തത്തോടെയും മാന്യമായും പെരുമാറാത്ത ബിജെപി നേതാക്കളെ വച്ചുപൊറുപ്പിക്കില്ലെന്ന‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം വെറുതെയായി. വർഗീയമായും അക്രമോത്സുകമായും പ്രവർത്തിക്കുന്ന സാമാജികൻമാരാണ‌് പാർടിയിലെങ്ങും.

ആകാശ‌് വിജയ‌്‌വർഗിയ, പ്രഗ്യാസിങ‌് താക്കൂർ, സാക്ഷിമഹാരാജ‌് അങ്ങനെ തുടരുന്നു പട്ടിക. ഇവർക്കെതിരേ നടപടിയെടുക്കുമെന്നത‌് വെറും പ്രഖ്യാപനം മാത്രമായി.
മധ്യപ്രദേശിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുൻസിപ്പൽ ജീവനക്കാരനെ ക്രിക്കറ്റ‌് ബാറ്റുകൊണ്ട‌് മർദിച്ചാണ‌് ബിജെപി എംപി ആകാശ‌് "പ്രസിദ്ധനായത‌്'. ബിജെപി ജനറൽ സെക്രട്ടറി കൈലാഷ‌് വിജയ‌്‌വർഗിയയുടെ മകനാണ‌് ആകാശ‌്. ആരുടെ മകനായാലും ഇത്തരക്കാരെ പാർടിയിൽ നിന്ന‌് പുറത്താക്കുമെന്നാണ‌് പാർലമെന്ററി പാർടി യോഗത്തിൽ മോഡി പറഞ്ഞത‌്. പക്ഷെ, ജാമ്യത്തിലിറങ്ങിയ ആകാശിനെ ബിജെപി പ്രവർത്തകർ ആകാശത്തേക്ക‌് വെടിയുതിർത്ത‌ാണ‌് സ്വീകരിച്ചത‌്.

മധ്യപ്രദേശിലെ സത‌്ന പഞ്ചായത്തിൽ ചീഫ‌് മെഡിക്കൽ ഓഫീസറെ മറ്റൊരു ബിജെപി നേതാവ‌ും ക്രിക്കറ്റ‌് ബാറ്റുകൊണ്ട‌് തല്ലി.  ഗോഡ‌്സെയെ രാജ്യസ‌്നേഹിയെന്ന‌് പ്രകീർത്തിച്ച പ്രഗ്യയെയും മോഡി വിമർശിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രഗ്യക്കെതിരേ നടപടിയെടുക്കുമെന്ന‌് ബിജെപി അധ്യക്ഷൻ അമിത‌് ഷായും പ്രഖ്യാപിച്ചു.
തനിക്ക‌ുവോട്ടു ചെയ്യാത്ത മുസ്ലിങ്ങളെ സഹായിക്കില്ലെന്നും ജോലി നൽകില്ലെന്നുമാണ‌് മനേക ഗാന്ധി പറഞ്ഞത‌്. വോട്ടുചെയ്യാത്തവരെ ശപിക്കുമെന്നായിരുന്നു സാക്ഷി മഹാരാജ‌ിന്റെ ഭീഷണി.   വർഗീയ പരാമർശങ്ങളും ഭീഷണി പ്രസംഗങ്ങളും നടത്തിയവർ മോഡി മന്ത്രിസഭയിൽ അംഗങ്ങളുമാണ‌്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top