15 July Wednesday

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

ന്യൂഡൽഹി > കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം വീട്ടിൽ ഏകാന്ത നിരീക്ഷണത്തിലാണ്. കോവിഡ് ബാധിച്ച കേന്ദ്രസർക്കാരിലെ ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ്  അജയ് കുമാർ. മറ്റ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ സേനാ ഉദ്യോഗസ്ഥർ, മന്ത്രിമാർ തുടങ്ങിവർ ആരെങ്കിലും അജയ് കുമാറുമായി അടുത്ത് ഇടപഴകിയോ എന്ന് വ്യക്തമല്ല. സൗത്ത് ബ്ലോക്കിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 35 പേരോട് വീടുകളിൽനിന്ന് ജോലിചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ കൗൺസിൽ ഓഫ്  മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തലവൻ ഡോ. ബൽറാം ഭാർഗവയും നിതി ആയോഗ് അംഗം വിനോദ് പോളും വീടുകളിൽ ഏകാന്ത നിരീക്ഷണത്തിലാണ്. ഇവർക്കൊപ്പം യോഗത്തിൽ പങ്കെടുത്ത ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇരുവരും സ്വയം നിരീക്ഷണത്തിൽപോയത്. 

ലൂട്യൻസ് ഡൽഹിയിലെ അരഡസനോളം കേന്ദ്രസർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ജീവനക്കാർക്ക് മാസ്‌ക്ക് നിർബന്ധം, രോഗലക്ഷണമില്ലാത്തവർക്കുമാത്രം ഓഫീസുകളിൽ പ്രവേശനം, മുൻ കരുതലിന്റെ ഭാഗമായി നിരീക്ഷണത്തിലിരിക്കാൻ അവധി അനുവദിക്കും തുടങ്ങി  40 ഇന നിർദ്ദേശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കായി ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

ഉദ്യോഗ് ഭവനിൽ കേന്ദ്രസഹമന്ത്രിയുടെ അഡീഷണൽ പിഎസിന് കോവിഡ് സ്ഥിരീകരിച്ചു. വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ശാസ്ത്രി ഭവനിൽ നിയമന്ത്രാലയം ജോയിന്റ് സെക്രട്ടറിക്ക് കോവിഡ് ബാധിച്ചു. ഇവിടെ സാംസ്‌കാരിക മന്ത്രാലയത്തിലെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഭവന, നഗരകാര്യമന്ത്രാലയത്തിൽ അസി. സെക്ഷൻ ഓഫീസർ കോവിഡ് ബാധിതനായി. നിതി ആയോഗിലെയും ധനമന്ത്രാലയത്തിലെയും ഓരോ ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു.


പ്രധാന വാർത്തകൾ
 Top