12 July Sunday

കോവിഡ്‌ മറയാക്കി അധികാര കേന്ദ്രീകരണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


ന്യൂഡൽഹി
അധികാര കേന്ദ്രീകരണത്തിനും ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ഫെഡറലിസം അട്ടിമറിക്കാനുമാണ്‌ കോവിഡ്‌ അടച്ചുപൂട്ടൽകാലം മോഡിസർക്കാർ ഉപയോഗിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ചൂണ്ടിക്കാട്ടി. മഹാമാരിയെ നേരിടാനും ആശ്വാസം എത്തിക്കാനും ശ്രദ്ധിക്കുന്നതിനു പകരം വർഗീയധ്രുവീകരണം വളർത്താനും നവ ഉദാരനയം മുന്നോട്ടുകൊണ്ടുപോകാനും ശ്രമിക്കുകയാണ്‌ കേന്ദ്രം. മുസ്ലിംന്യൂനപക്ഷത്തെ വേട്ടയാടുന്നതിനെയും പൗരത്വനിയമ ഭേദഗതി–- എൻപിആർ–- എൻആർസി വിരുദ്ധ പ്രക്ഷോഭത്തിൽ സമാധാനപരമായി പങ്കെടുത്തവരെയും സർക്കാരിനെ വിമർശിക്കുന്നവരെയും കിരാതനിയമം ചുമത്തി അറസ്റ്റ്‌ ചെയ്യുന്നതിനെയും പിബി അപലപിച്ചു.

കേന്ദ്രത്തിന്റെ 20 ലക്ഷം കോടി പാക്കേജ്‌  പഴയ പദ്ധതികൾ പുതിയ പേരിൽ അവതരിപ്പിക്കലാണെന്നും പിബി യോഗതീരുമാനം  വിശദീകരിച്ചുകൊണ്ട് ‍‍ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സർക്കാരിന്‌ അധിക ബാധ്യത രണ്ട്‌ ലക്ഷം കോടിമാത്രം. ദുരന്തം നേരിടാൻ ഇത് പര്യാപ്‌തമല്ല. മാർച്ച്‌ 24ന്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോൾ 10 മരണവും 564 രോ​ഗികളും. ഇപ്പോൾ മരണം 5815. രോഗികൾ രണ്ട്‌ ലക്ഷം കവിഞ്ഞു. കോവിഡിനെ മുൻനിരയിൽനിന്ന്‌ നേരിടുന്ന സംസ്ഥാനങ്ങൾക്ക്‌ അർഹമായ സഹായം കേന്ദ്രം നൽകുന്നില്ല. പിഎം കെയർ എന്ന സ്വകാര്യട്രസ്റ്റിലേക്ക്‌ ആയിരക്കണക്കിനു കോടികള്‍ സമ്മർദം ചെലുത്തി പിരിച്ചു.

സമ്പദ്‌ഘടന കോവിഡിനുമുമ്പേ തകർച്ചയിലാണെന്ന്‌ ജിഡിപി കണക്ക്‌ തെളിയിക്കുന്നു. ഇതിലേറെ മോശമാണ്‌ സ്ഥിതിയെന്ന്‌ രാജ്യാന്തര ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ജിഡിപിയുടെ മൂന്ന്‌ ശതമാനമെങ്കിലും സർക്കാർ ആരോഗ്യമേഖലയിൽ വിനിയോഗിക്കണം. അക്കാദമിക്‌ വർഷം നഷ്ടപ്പെടുത്താതിരിക്കാൻ ഡിജിറ്റൽ രീതി പ്രയോജനപ്പെടുത്താം. എന്നാൽ, ഡിജിറ്റൽ സംവിധാനം സാർവത്രികമായി വന്നിട്ടില്ലാത്ത മേഖലകളിൽ ഓൺലൈൻ വിദ്യാഭ്യാസസംവിധാനം പരമ്പരാഗതരീതിക്ക്‌ ബദലായി ഉപയോഗിക്കരുത്‌. രാജ്യത്ത്‌ നിലനിൽക്കുന്ന ഡിജിറ്റൽവിടവ്‌ വിദ്യാഭ്യാസമേഖലയിൽ അടിച്ചേൽപ്പിക്കരുത്‌. വിദ്യാർഥികൾക്ക്‌ വർഷം നഷ്ടപ്പെടുത്താത്ത രീതിയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ അക്കാദമിക്‌ സെഷൻ പുനഃക്രമീകരിക്കണം.

ലഡാക്കിലും സിക്കിമിലും യഥാർഥ നിയന്ത്രണരേഖയിലെ തർക്കങ്ങൾ ആശങ്കാജനകമാണ്‌. ഇന്ത്യയും ചൈനയും വ്യവസ്ഥാപിതമായ സംവിധാനങ്ങൾ ഉപയോഗിച്ച്‌ പ്രതിരോധ, നയതന്ത്രതലങ്ങളിലെ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top