ശ്രീനഗർ > കശ്മീരിലുണ്ടായ പാക് വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. അന്തർദേശീയ അതിർത്തിയായ പ്രഗ്വൽ ഏരിയയിലെ അഖ്നൂറിലാണ് വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. 12 സിവിലിയൻമാർക്കും പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടേകാലോടെയാണ് ഷെല്ലാക്രമണം. ഗുരുതരമായി പരിക്കേറ്റ ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് എൻ യാദവ് (48), കോൺസ്റ്റബിൾ വി കെ പാണ്ഡെ(27) എന്നിവരാണ് പിന്നീട് ആശുപത്രിയിൽ മരിച്ചത്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ, അതിർത്തിയിൽ വെടിനിർത്തൽ തുടരുന്നതിനും ശക്തമാക്കുന്നതിനുമായി നാലുദിവസം മുമ്പാണ് തീരുമാനമെടുത്തത്.
കരാറിലേർപെട്ട്ഒരാഴ്ച പിന്നിടുന്നതിനകമാണ് പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചത്. 10 ബിഎസ്എഫ് പോസ്റ്റുകളും 35 വില്ലേജുകളുമാണ് പാക് സേന ലക്ഷ്യമാക്കിയത്. ഇന്ത്യൻ സേന തിരിച്ചടിച്ചതോടെ അവസാന റിപ്പോർട്ടുകൾ വരുമ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പാകിസ്ഥാൻ വാക്കുകളിലൊന്നും പ്രവൃത്തിയിൽ മറ്റൊന്നുമാണ് നടപ്പാക്കുന്നതെന്ന് ബിഎസ്എഫ് ജമ്മു ഐജി റാം അവ്താർ പറഞ്ഞു. മേഖലയിലെ സ്ഥിതിഗതി സംബന്ധിച്ച് രണ്ട് ഉന്നത സൈനിക മേധാവികൾ അവലോകനം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ ഇതടക്കം 46 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 20 പേർ സൈനികരാണ്.